ദല്‍ഹി വിമാനത്താവളത്തില്‍ അനിയന്ത്രിത തിരക്ക്, യാത്രക്കാര്‍ക്ക് പെടാപ്പാട്

ന്യൂദല്‍ഹി- ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും യാത്ര സുഗമമാക്കാനും നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്താന്‍ 10 ദിവസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശീതകാല യാത്രക്ക് ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ സേവനം യാത്രക്കാര്‍ക്ക് നല്‍കേണ്ടതുണ്ട്. അത് എല്ലാം എയര്‍പോര്‍ട്ട് ഓപ്പറേറ്ററുടെ ഉത്തരവാദിത്തമാണ്. അവരുമായി ചര്‍ച്ച നടത്തി. പ്രവേശന കവാടങ്ങള്‍ മുതല്‍ സുരക്ഷാ ചെക്ക്‌പോസ്റ്റുകള്‍ വരെ തിരക്കാണ്. ഇതൊഴിവാക്കാന്‍ ഗേറ്റുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, സെന്‍ട്രല്‍ കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചില അടിയന്തര നടപടികള്‍ എന്നിവ നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ തിരക്കു കാരണം പല വിമാനകമ്പനികളും യാത്രക്കാരോട് മൂന്നോ നാലോ മണിക്കൂര്‍ മുമ്പ് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. സുഗമമായ ആഭ്യന്തര യാത്രക്ക് ഇന്‍ഡിഗോ തങ്ങളുടെ യാത്രക്കാരോട്  കുറഞ്ഞത് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും വരണമെന്നും ഒരു ബാഗ് മാത്രം കരുതിയാല്‍ മതിയെന്നുമാണ് നിര്‍ദേശിച്ചത്. രാജ്യാന്തര യാത്രക്കാരോട് നാല് മണിക്കൂര്‍ നേരത്തെ എത്താനാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടത്. പല യാത്രക്കാര്‍ക്കും തിരക്കിനിടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് മൂലം വിമാനങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.

 

Latest News