Sorry, you need to enable JavaScript to visit this website.

ഹറമിൽ തണൽക്കുട പദ്ധതി വൈകാതെ -സുദൈസ്‌

മക്ക - വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും മതാഫിലും തണൽ കുടകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ വൈകാതെ യാഥാർഥ്യമാകുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറമിൽ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നാമകരണം ചെയ്യുന്നതിനുള്ള നിർദേശം രാജാവിന് സമർപ്പിച്ചിട്ടുണ്ട്. ഹറം വികസനത്തിന്റെ അവശേഷിക്കുന്ന രണ്ടു നിലകളുടെ പൂർത്തീകരണം, ഹറമൈൻ യൂനിവേഴ്‌സിറ്റി അടക്കമുള്ള പദ്ധതികളും വൈകാതെ യാഥാർഥ്യമാകും. 
സംസം കിണർ പുനരുദ്ധാരണം റെക്കോർഡ് സമയത്തിനുള്ളിലാണ് പൂർത്തിയായത്. വർഷത്തിൽ 13.7 ലക്ഷം ടൺ സംസം വെള്ളം ഉപയോഗിക്കുന്നുണ്ട്. വിശുദ്ധ റമദാനിൽ ഹറമിലേക്ക് ഒഴുകിയെത്തുന്ന തീർഥാടക ലക്ഷങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് എല്ലാവിധ ഒരുക്കങ്ങളും ഹറംകാര്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
അതേസമയം, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അംഗീകരിച്ച ഉംറ സുരക്ഷാ പദ്ധതി തിങ്കളാഴ്ച മുതൽ നടപ്പാക്കി തുടങ്ങിയതായി ഹജ്, ഉംറ സുരക്ഷാ സേന കമാണ്ടർ, ജനറൽ ഖാലിദ് അൽഹർബി പറഞ്ഞു. സുരക്ഷാ, ഗതാഗത, ജനക്കൂട്ട നിയന്ത്രണ പദ്ധതികൾ നടപ്പാക്കുന്നതിന് മുപ്പതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോക്കറ്റടിയും മറ്റു നിഷേധാത്മക പ്രവണതകളും തടയുന്നതിന് മഫ്തിയിൽ നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തിരക്ക് കൂടിയ ഹജ്‌റുൽഅസ്‌വദ്, ഹിജ്ർ ഇസ്മായിൽ, മുൽതസം, കിംഗ് അബ്ദുൽ അസീസ് കവാടം, ടോയ്‌ലെറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പോക്കറ്റടിയും കവർച്ചകളും തടയുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. വനിതാ തീർഥാടകരുടെ ഭാഗങ്ങളിൽ നിരീക്ഷണത്തിന് നിരവധി വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. പോക്കറ്റടിക്കാരെ നിരീക്ഷിക്കുന്നതിന് സി.സി.ടി.വി സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. നടവഴികളിൽ നമസ്‌കാരം നിർവഹിക്കുന്നത് കർശനമായി തടയും. 
മൂന്നാമത് സൗദി വികസന ഭാഗത്ത് സുരക്ഷാ കാര്യങ്ങളുടെ ചുമതല നയതന്ത്ര സുരക്ഷാ സേനക്ക് ആണ്. ആദ്യമായാണ് നയതന്ത്ര സുരക്ഷാ സേന ഹറമിൽ സേവനമനുഷ്ഠിക്കുന്നത്. വിശുദ്ധ ഹറമിന്റെ മുറ്റത്തെ നാലായി തിരിച്ച് ഓരോ ഭാഗത്തെയും ചുമതല ഓരോ സുരക്ഷാ വിഭാഗങ്ങളെ ഏൽപിച്ചിട്ടുണ്ട്. കിഴക്കു ഭാഗത്തെ മുറ്റത്ത് ഹജ്, ഉംറ സുരക്ഷാ സേനയും തെക്കു ഭാഗത്ത് സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സും പടിഞ്ഞാറു ഭാഗത്ത് പൊതുസുരക്ഷാ വകുപ്പ് ട്രെയിനിംഗ് സിറ്റികളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വടക്കു ഭാഗത്ത് നയതന്ത്ര സുരക്ഷാ സേനയും ജനക്കൂട്ടത്തെ നിയന്ത്രിക്കുമെന്ന് ജനറൽ ഖാലിദ് അൽഹർബി പറഞ്ഞു.

 

Latest News