Sorry, you need to enable JavaScript to visit this website.

ഇല്ല, തളരില്ല.. ആവേശം പകർന്ന് ഫാദിയുടെ വീരമൃത്യു

ഫാദി അബൂസ്വലാഹ് ഗാസയിൽ ഇസ്രായിൽ സൈന്യത്തെ നേരിടുന്നു. 
  • ഇസ്രായിൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായ യുവാവിന് പോരാട്ട ഭൂമിയിൽ അന്ത്യം

റിയാദ് - ജറൂസലമിലേക്കുള്ള യു.എസ് എംബസി മാറ്റത്തിൽ പ്രതിഷേധിച്ച് നക്ബ ദിനാചരണത്തിൽ ഗാസയിൽ ഫലസ്തീനികൾ നടത്തിയ പ്രകടനങ്ങൾക്കു നേരെ ഇസ്രായിൽ സൈന്യം നിഷ്‌കരുണം നടത്തിയ ആക്രമണത്തിൽ  ഇരുകാലുകളുമില്ലാത്ത ഫലസ്തീനി യുവാവ് അധിനിവേശ ശക്തികൾക്കെതിരായ വിശുദ്ധ യുദ്ധത്തിൽ പോരാട്ട ഭൂമിയിൽ പിടഞ്ഞുവീണത് ഹൃദയം നുറുക്കുന്ന വേദനയായി. തിങ്കളാഴ്ചയുണ്ടായ സംഭവങ്ങളിൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പിഞ്ചുകുട്ടികൾ അടക്കം 62 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിറന്നുവീണ മണ്ണിൽ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടിയും യു.എസ് എംബസി മാറ്റത്തിൽ പ്രതിഷേധിച്ചും നക്ബ ദിനാചരണത്തിൽ പ്രകടനം നടത്തുകയും പാറ്റൻ ടാങ്കുകളും യന്ത്രത്തോക്കുകളും അടക്കമുള്ള അത്യാധുനിക ആയുധങ്ങളുമായി നിലയുറപ്പിച്ച ഇസ്രായിൽ സൈനികർക്കു നേരെ കല്ല് ആയുധമാക്കി വീൽചെയറിൽ ഇരുന്ന് അവസാന ശ്വാസം വരെ പോരാടുകയും ചെയ്ത ഫാദി അബൂസ്വലാഹ് (29) ആണ് ഇസ്രായിലിന്റെയും അമേരിക്കയുടെയും അനീതിക്കും ആക്രമണങ്ങൾക്കും മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്ന ഫലസ്തീനികളുടെ സന്ദേശം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച് വീരമൃത്യു വരിച്ചത്. 
ഫാദി അബൂസ്വലാഹിന്റെ വീരമൃത്യു അറബ്, ലോക മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. വീൽചെയറിൽ ഇരുന്നും വീൽചെയറിൽനിന്ന് താഴെയിറങ്ങിയും വീറോടെയും വാശിയോടെയും അധിനിവേശ സേനയെ നേരിടുന്ന യുവാവിന്റെ ഫോട്ടോകൾ ഫലസ്തീൻ ആക്ടിവിസ്റ്റുകൾ പുറത്തുവിട്ടു. പഴകി ദ്രവിച്ച വസ്ത്രം ധരിച്ച്, ജനിച്ചുവീണ മണ്ണിനു വേണ്ടി പ്രതിരോധം തീർക്കുന്നതിന് മറ്റു ഫലസ്തീനി യുവാക്കൾക്കൊപ്പം വീൽചെയറിൽ ഓടിക്കിതച്ചെത്തിയ ഫാദി അബൂസ്വലാഹ് ഇസ്രായിലി സൈന്യത്തിന്റെ പാറ്റൻ ടാങ്കുകളിൽ നിന്നും കവചിത വാഹനങ്ങളിൽ നിന്നും യന്ത്രത്തോക്കുകളിൽ നിന്നുമുള്ള തീ തുപ്പലുകളും വെടിയുണ്ടകളും അവഗണിച്ചും സ്വന്തം ജീവൻ തൃണവൽഗണിച്ചും പോരാട്ട ഭൂമിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. 
2008 ൽ ഇസ്രായിലിനെതിരായ പ്രതിഷേധങ്ങൾക്കിടെ സയണിസ്റ്റ് സൈന്യം നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാദി അബൂസ്വലാഹിന്റെ ഇരു കാലുകളും മുറിച്ചുമാറ്റുന്നതിന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം വീൽചെയറിലായി ജീവിതം. എങ്കിലും വൈകല്യം അധിനിവേശ ശക്തികൾക്കെതിരായ യുവാവിന്റെ പോരാട്ടവീര്യത്തെ ഒട്ടും തളർത്തിയില്ല. തിങ്കളാഴ്ച ഇസ്രായിലി സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച് വംശീയ ഉന്മൂലന പീഡനങ്ങളോ അവകാശ നിഷേധങ്ങളോ അധിനിവേശത്തിന്റെ വെട്ടിപ്പിടിക്കലുകളോ ഇല്ലാത്ത ശാശ്വത സമാധാനത്തിന്റെ ലോകത്തേക്ക് യാത്രയായതോടെ സംഭവബഹുലമായ ആ പോരാട്ട ജീവിതത്തിന്റെ ഏട് എന്നെന്നേക്കുമായി അടഞ്ഞു. 
ഇസ്രായിൽ രാഷ്ട്രം സ്ഥാപിതമായ മെയ് 15 ന് ആണ് 1948 ലെ കൂട്ടപ്പലായനത്തിന്റെ ഓർമകൾ പുതുക്കി നക്ബ (ദുരന്ത) ദിനമായി ഫലസ്തീനികൾ ആചരിക്കുന്നത്. അധിനിവേശത്തിലൂടെ ഇസ്രായിൽ തങ്ങളുടെ രാജ്യം കൈയടക്കിയതിന്റെ ദുഃഖസ്മരണയിൽ വിസമ്മതത്തിന്റെയും വീണ്ടെടുപ്പിന്റെയും ആഹ്വാനവുമായാണ് ഫലസ്തീനികളും അറബികളും നക്ബ ദിനം ആചരിക്കുന്നത്. 

 

 

 

Latest News