കൊച്ചി-യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുകയും മജിസ്ട്രേറ്റ് കോടതി മൊഴി രഹസ്യ രേഖപ്പെടുത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ താന്‍ വിവാഹമോചിതനാണെന്നു തെറ്റിദ്ധരിപ്പിച്ചും വിവാഹാഭ്യര്‍ഥന നടത്തിയുമാണ് ഇയാള്‍ വശീകരിച്ചത്. വിവാഹത്തില്‍നിന്നു പിന്മാറില്ലെന്ന ഉറപ്പില്‍ ഒരുമിച്ചു യാത്ര ചെയ്യുകയും താമസിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. തന്റെ ഫ് ളാറ്റില്‍ ഇടയ്ക്കിടെ താമസിക്കാന്‍ യുവാവിനെ അനുവദിച്ചതായും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയിലും ഫ് ളാറ്റിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന്് പരാതിയില്‍ പറയുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോഴൊക്കെ മുന്‍ ഭാര്യയുമായുള്ള ചില കേസുകള്‍ മൂലം വിവാഹം കഴിക്കാന്‍ തടസമുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതിനിടെ താന്‍ ഗര്‍ഭിണിയാണെന്ന് യുവതിക്ക് സംശയം തോന്നിയതോടെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു. കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിര്‍ദേശം. ഇത് അംഗീകരിക്കാതെ വിവാഹം ഉടനെ നടത്തണം എന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചു. എന്നാല്‍ യുവാവ് അതിനു തയാറായില്ലെന്നു മാത്രമല്ല, വിവാഹത്തിനു വീട്ടുകാര്‍ക്കു സമ്മതമല്ല എന്ന കാരണം പറഞ്ഞ് ഒഴിവാകാനും ശ്രമിച്ചു. ഗര്‍ഭഛിദ്രം നടത്തി പിന്മാറിയില്ലെങ്കില് യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു.
ഇതോടെ യുവതി നടത്തിയ അന്വേഷണത്തില്‍ പ്രണവിനു വേറെയും ബന്ധങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയുമാണ് ഇയാളുടെ പതിവ്. ഇതു മനസ്സിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഭര്‍ത്താവിന്റെ ലാപ്ടോപ്പില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും കണ്ടതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോകുകയായിരുന്നു. എന്നാല്‍ ഭാര്യയില്‍നിന്നു ഇയാള്‍ വിവാഹമോചനം നേടിയിട്ടില്ല. ഇതിനിടെ വേറെയും യുവതികള്‍ ഇയാള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.






