Sorry, you need to enable JavaScript to visit this website.

യു.എസ് എംബസി മാറ്റം അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ

ജിദ്ദ - ടെൽഅവീവ് അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അമേരിക്കൻ എംബസി മാറ്റത്തിലുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. എംബസി മാറ്റം ജറൂസലമിനു മേലുള്ള ഫലസ്തീൻ ജനതയുടെ ചരിത്രപരവും സ്ഥായിയുമായ അവകാശങ്ങൾക്കെതിരായ വലിയ പക്ഷപാതിത്വമാണ്. 
ജറൂസലം നഗരത്തിനു മേലുള്ള ഫലസ്തീനികളുടെ അവകാശം യു.എൻ തീരുമാനങ്ങൾ ഉറപ്പുനൽകുന്നുണ്ട്. ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ നിന്നുള്ള പിന്നോക്കം പോക്കാണ് എംബസി മാറ്റം. ന്യായീകരിക്കാനാകാത്ത ഇത്തരമൊരു ചുവടുവെപ്പിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് സൗദി അറേബ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടി. 
നിരായുധരായ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണങ്ങളെ സൗദി മന്ത്രിസഭ അപലപിച്ചു. അക്രമം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്വം വഹിക്കണം. 
ഫലസ്തീൻ പ്രശ്‌നത്തിൽ സൗദി അറേബ്യയുടെ നിലപാടുകൾ ഉറച്ചതാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി, നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കുന്നതിന് ഫലസ്തീനികൾക്ക് സൗദി അറേബ്യ പിന്തുണ നൽകും. 
ഇറാൻ ആണവ കരാറിൽ നിന്ന് പിൻവാങ്ങുന്നതിനും ഇറാനെതിരെ സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുന്നതിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നടപടികളെ സൗദി അറേബ്യ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നു. നേരത്തെ ആണവ കരാർ ഒപ്പുവെച്ചതിന്റെ ഫലമായി, ഉപരോധം എടുത്തുകളഞ്ഞതു വഴി ലഭിച്ച സാമ്പത്തിക നേട്ടം മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് ഇറാൻ ദുരുപയോഗിക്കുകയായിരുന്നു. 
ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിച്ച ഇറാൻ, ഭീകര ഗ്രൂപ്പുകൾക്ക് പിന്തുണ നൽകി. മേഖലാ സുരക്ഷ അപകടത്തിലാക്കുന്ന ഇറാന്റെ ശത്രുതാപരമായ പ്രവർത്തനങ്ങളിലും ഹിസ്ബുല്ലയും ഹൂത്തികളും അടക്കമുള്ള ഭീകര ഗ്രൂപ്പുകൾക്കും ബശാർ അൽഅസദ് ഭരണകൂടത്തിനും പിന്തുണ നൽകുന്നതിലും അന്താരാഷ്ട്ര സമൂഹം കർക്കശവും ഏകകൺഠവുമായ നിലപാട് സ്വീകരിക്കണം. സ്വന്തം ജനതക്കെതിരെ ബശാർ അൽഅസദ് ഭരണകൂടം നടത്തുന്ന പൈശാചികമായ ആക്രമണങ്ങൾ അഞ്ചു ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കി. ഇറാഖ്, അഫ്ഗാനിസ്ഥാൻ, സോമാലിയ, ഇന്തോനേഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളെ മന്ത്രിസഭാ യോഗം കടുത്ത ഭാഷയിൽ അപലപിച്ചു. 

 

Latest News