Sorry, you need to enable JavaScript to visit this website.

ഹാന്‍വീവ് എം.ഡിയെ തെണ്ടിയെന്ന് വിളിച്ച് മുന്‍ എം.എല്‍.എ

കണ്ണൂര്‍-ജയരാജന്മാര്‍ക്ക് പിന്നാലെ പൊതുവേദിയില്‍ സഭ്യേതര പരാമര്‍ശങ്ങളുമായി മുന്‍ എം.എല്‍.എ ജെയിംസ് മാത്യുവും. കണ്ണൂരില്‍ ഹാന്‍വീവിന് മുന്നില്‍ സി.ഐ.ടി.യു സംഘടിപ്പിച്ച സമരത്തിലാണ് ജെയിംസ് മാത്യുവിന്റെ വിവാദ പരാമര്‍ശം. ഇടതു സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള ഹാന്‍വീവിന്റെ എം.ഡി.യെയാണ് പൊതുപരിപാടിയില്‍ പല തവണ ജെയിംസ് മാത്യു തെണ്ടിയെന്ന് അഭിസംബോധന ചെയ്തത്.
ഹാന്‍വീവ് തൊഴിലാളികള്‍ നാലായിരവും അയ്യായിരവും ആറായിരവുമൊക്കെയാണ് മാസ സമ്പളം വാങ്ങുന്നത്. എം.ഡിയായ തെണ്ടി രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ്. തൊഴിലാളികളുടെ കുടിശ്ശിക പരമാവധി 25,000 രൂപയാണ്. മാസം രണ്ട് ലക്ഷം വാങ്ങുന്ന തെണ്ടി ഇത് പിടിച്ചുവെച്ചിരിക്കയാണ്. തൊഴിലാളികളുടെ കുടിശ്ശിക 48 മണിക്കൂറിനകം നല്‍കണം. ഇല്ലെങ്കില്‍ എം.ഡിയെന്ന് പറയുന്ന തെണ്ടിയെ ഓഫീസിനകത്ത് കാലു കുത്താന്‍ വിടില്ല. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാന്‍വീവ് എം.ഡി. നാണമുണ്ടോ അയാള്‍ക്ക് ഇത് വാങ്ങാന്‍. ഇയാളെ തെണ്ടി എന്നല്ലാതെ എങ്ങിനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നായിരുന്നു ജെയിംസ് മാത്യുവിന്റെ പ്രകോപനപരമായ പ്രസംഗം.
 സി.പി.എമ്മിലെ കണ്ണൂര്‍ നേതാക്കളില്‍ പിണറായി മുതല്‍ ജയരാജന്മാര്‍ വരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവരാണെങ്കിലും, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായ നേതാവാണ് ജെയിംസ് മാത്യു. ഏത് സംഘര്‍ഷസാഹചര്യത്തിലും സമചിത്തതയോടെ, സഭ്യമായി മാത്രം സംസാരിക്കുകയും പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്നയാളാണ് ഇദ്ദേഹം.  തളിപ്പറമ്പ് എം.എല്‍.എ പദവി ഒഴിയുകയും പാര്‍ട്ടിയുടെ ഉയര്‍ന്ന പദവിയിലേക്കില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുകയും ഇദ്ദേഹം, പാര്‍ട്ടി പരിപാടികളേക്കാള്‍  വിദ്യാഭ്യാസ, കൃഷി രംഗങ്ങളിലാണിദ്ദേഹം സജീവമായിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന പരിപാടികളില്‍ ഒന്നും കാണാത്ത ഇദ്ദേഹം, മാസങ്ങള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുത്തത്. ഈ പരിപാടിയില്‍ തന്നെ വിവാദ പ്രസ്താവന നടത്തിയെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിലെ പ്രധാന ചര്‍ച്ച.

 

Latest News