Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന് ഗുജറാത്തിൽ നിന്ന് പഠിക്കാനുള്ളത്

ഗുജറാത്തിന്റെ ആറ് പതിറ്റാണ്ട് ചരിത്രത്തിൽ മൂന്ന് പതിറ്റാണ്ടും ബി.ജെ.പിയോടൊപ്പമാണ് ആ പൊതുബോധം സഞ്ചരിച്ചത്. ഒരു പാലം വീഴുമ്പോഴേക്കും പൊതുബോധം പെന്റുലം പോലെ ചെരിയുമെന്ന് വിശ്വസിക്കാൻ മാത്രം വിഡഢികളാവരുത് മോഡിയോടേറ്റുമുട്ടന്ന ഒരാളും. 

ഗുജറാത്തിൽ ബി.ജെ.പിയുടെ വിജയം ആധികാരികമാണ്. 2017 ൽ 99 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 156 സീറ്റുകളുണ്ട്. 2002 ൽ ഗുജറാത്ത് വംശഹത്യക്ക് ശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ലഭിച്ച 127 സീറ്റാണ് ബി.ജെ.പി ഇതിനു മുമ്പ് നേടിയ വലിയ സംഖ്യ. 1985 ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് 149 സീറ്റുകളുണ്ടായിരുന്നു. 
ബിജെപിക്ക് ഇപ്രാവശ്യം ആ റെക്കോർഡ് മറികടക്കാൻ പറ്റി. എങ്കിലും 1985 ന്റെ വിജയ ശതമാനമായ 55.55 എന്നത് തിരുത്തപ്പെട്ടിട്ടില്ല. 52.5%മാണ് ബിജെപിക്ക് ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. 1990 മുതലാണ് ഗുജറാത്തിൽ ബിജെപി ശക്തമായ പാർട്ടിയായി വരുന്നത്. 11 സീറ്റിൽനിന്നും 67 സീറ്റുകളിലേക്ക് വളർന്നു. കോൺഗ്രിസിനാവട്ടെ സമ്പൂർണ തകർച്ച നേരിട്ടു. 149 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് 33 സീറ്റുകളേ ലഭിച്ചുള്ളൂ. 70 സീറ്റുകളുള്ള ജനതാദളിന്റെ ചിമൻഭായ് പട്ടേൽ മുഖ്യമന്ത്രിയും ബിജെപിയുടെ കേശുഭായ് പട്ടേൽ ഉപമുഖ്യമന്ത്രിയുമായി. തൊട്ടടുത്ത തെരെഞ്ഞെടുപ്പിൽ ജനതാദളിനെ വിഴുങ്ങിക്കൊണ്ട് 121 സീറ്റുകളോടെ ആധികാരിക വിജയം ബിജെപി സ്വന്തമാക്കുകയും കേശുഭായ് പട്ടേൽ മുഖ്യമന്ത്രിയാവുകയും ചെയ്തു.
 എന്നാൽ ആ മന്ത്രിസഭക്ക് അൽപായുസ്സേ ഉണ്ടായുള്ളൂ. പാർട്ടിക്കുള്ളിൽ ശങ്കർസിംഗ് വഗേലയുടെ നേതൃത്വത്തിൽ വിമത പ്രവർത്തനം ശക്തമായി. ഏഴ് മാസത്തിനു ശേഷം കേശുഭായ് രാജിവെച്ചു. ഒരു വർഷക്കാലം സുരേഷ് മെഹ്ത മുഖ്യമന്ത്രിയായി. ശങ്കർസിംഗ് വഗേല ബിജെപി വിടുകയും രാഷ്ട്രീയ ജനതാദൾ എന്ന പേരിലൊരു പാർട്ടിയുണ്ടാക്കുകയും ബിജെപിയുടെ 48 വിമത എം.എൽ.എമാരെയും കൂട്ടി കോൺഗ്രസിന്റെ പിന്തുണയോടു കൂടി മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. അതും അധികം നീണ്ടുനിന്നില്ല. വഗേലയുടെ ക്യാമ്പിലെ തന്നെ ദിലീപ് പരീക്കാണ് പിന്നീട് മുഖ്യമന്ത്രിയായത്. എന്നാൽ 1998 മാർച്ചിൽ നാലു മാസത്തെ ആ ഭരണവും താഴെ വീണു. 1998 ൽ തെരഞ്ഞെടുപ്പ് നടക്കുകയും കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ 117 സീറ്റുകളോടെ പുതിയ മന്ത്രിസഭ നിലവിൽവരികയും ചെയ്തു.
 കേശുഭായ്, വാജ്‌പേയിയെ പോലെ സൗമ്യനായിരുന്നു. നരേന്ദ്ര മോഡിയുമായി ശത്രുതയിലും. ഗുജറാത്തിലെ ബിജെപി ഓഫീസിൽ പോലും അനഭിമതനായ മോഡിയെ ഹിമാചലിന്റെ ചുമതലയുള്ള ഓർഗനൈസിംഗ് സെക്രട്ടറിയാക്കി ദൽഹിയിലൊതുക്കി. 2000 ജൂലൈ-ഓഗസ്റ്റിൽ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയം ഗുജറാത്തിനെ തേടിവന്നു. അഹമ്മദാബാദ് പട്ടണം വെള്ളത്തിൽ മുങ്ങിനശിച്ചു. ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടങ്ങളുണ്ടായി. 2001 റിപ്പബ്ലിക് ദിനത്തിൽ ബുജ്ജിൽ ഭൂകമ്പമുണ്ടായി. ഇരുപതിനായിരത്തോളം പേർ  കൊല്ലപ്പെട്ടു. 1,70,000 പേർക്ക് പരിക്കുപറ്റി. 3,50,000 കെട്ടിടങ്ങൾ മണ്ണടിഞ്ഞു. ഗുജറാത്ത് സ്തബ്ധമായി. മുൻകരുതലുകളെടുക്കുന്നതിലെ വീഴ്ച നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെട്ടു. കേശുഭായി 'മിസ്റ്റർ ഡിസാസ്റ്റർ' എന്ന് പരിഹസിക്കപ്പെട്ടു. പകരക്കാരനായി ദൽഹിയിൽനിന്ന് കെട്ടിയിറക്കപ്പെടുകയായിരുന്നു മോഡിയെ.
 പുതിയ മുഖ്യമന്ത്രി 2001 ഓഗസ്റ്റിൽ അധികാരമേറ്റു. രാജ്‌കോട്ട് രണ്ടിൽ നിന്നും മോഡി കഷ്ടിച്ചു ജയിച്ചു.   ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു രണ്ടിടത്ത് (മഹുവ, സയാജിഗഞ്ച്) ബിജെപിക്ക് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. തൊട്ടുമുമ്പത്തെ വർഷം നടന്ന രണ്ട് ഉപതെരെഞ്ഞെടുപ്പുകളിലും അതിനു മുമ്പ് നടന്ന പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വിജയപതാക പാറിച്ചിരുന്നു. അതോടെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മോഡി വൻ കൂട്ടക്കൊല ആസൂത്രണം ചെയ്തു. അതാണ് 2002 ലെ വംശഹത്യ. കേശുഭായിക്ക് അനഭിമതനായ കാലത്ത് വി.എച്ച്.പിയുടെ തൊഗാഡിയയുമായിട്ടായിരുന്നു മോഡിയുടെ കൂട്ട്. തൊഗാഡിയയും മോഡിയും അമിത് ഷായും ചേർന്നാണ് 2002 കലാപങ്ങൾ ആസൂത്രണം ചെയ്തത്. അതോടെ മോഡി ഹിന്ദുക്കളുടെ രക്ഷകൻ എന്ന പരിവേഷത്തിലേക്കുയർന്നു. ബിജെപിക്ക് വിജയമുറപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണ് 2002 സംഭവമെങ്കിലും അതിലൂടെ ഇന്ത്യൻ ഫാസിസത്തിന്റെ പ്രഭവ കേന്ദ്രമായി ഗുജറാത്ത് മാറുകയായിരുന്നു.
 ചരിത്രത്തിലാദ്യമാണ് ഗുജറാത്തിൽ കോൺഗ്രസിന് ഈ ഗതിവരുന്നത്. 41 സീറ്റിൽ കെട്ടിവെച്ച കാശ് പോയി. കോൺഗ്രസ് വോട്ട് ശതമാനം 40 ൽ നിന്ന് 28 ലേക്ക് കൂപ്പുകുത്തി. ആം ആദ്മിക്ക് 13 ശതമാനം വോട്ട് ലഭിച്ചു. കന്നിയങ്കത്തിൽ ഇത്രയും വോട്ടുകൾ നേടാനായത് വൻനേട്ടം തന്നെയാണ്. രണ്ട് പാർട്ടികളുടെയും സീറ്റുകൾ ചേർത്തുവെച്ചാലും ബി.ജെ.പി മുന്നിൽ തന്നെയാണ്. അസദുദ്ദീൻ ഉവൈസി 13 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ വിജയ പരാജയങ്ങളെ സ്വാധീനിക്കത്തക്ക നിലയിൽ വോട്ട് പിടിച്ചിട്ടില്ല. വെറും 0.3 ശതമാനം വോട്ടുകളാണ് എം.ഐ.എമ്മിന് ലഭിച്ചത്. ഗുജറാത്തിന്റെ ആറ് പതിറ്റാണ്ട് ചരിത്രത്തിൽ മൂന്ന് പതിറ്റാണ്ടും ബിജെപിയോടൊപ്പമാണ് ആ പൊതുബോധം സഞ്ചരിച്ചത്. ഒരു പാലം വീഴുമ്പോഴേക്കും പൊതുബോധം പെന്റുലം പോലെ ചെരിയുമെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികളാവരുത് മോഡിയോടേറ്റുമുട്ടന്ന ഒരാളും. 

Latest News