ചെന്നൈ - ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. അച്ഛന്റെ കൊലപാതക ശ്രമത്തിൽ നിന്നും ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട അഞ്ചാമത്തെ കുട്ടിയായ ഒൻപത് വയസ്സുകാരി ആശുപത്രിയിൽ ജീവനുവേണ്ടി പിടയുകയാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കലശപാക്കത്തിനടുത്തുള്ള കാഞ്ചി മേട്ടൂർ കീഴ്കുപ്പം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.
45 കാരനായ പളനിസാമി എന്ന കർഷകനാണ് ഭാര്യ വളളിയെയും നാല് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയത്. നാലു മുതൽ 15 വയസ്സു വരെയുള്ള കുട്ടികളെയാണ് ഇയാൾ കൊലക്കത്തിക്ക് ഇരയാക്കിയത്.
മകളെയും പേരമക്കളെയും കാണാൻ ചൊവ്വാഴ്ച രാവിലെ വള്ളിയുടെ അമ്മ വീട്ടിലെത്തിയപ്പോൾ വാതിലുകളെല്ലാം അടഞ്ഞനിലയിലായിരുന്നു. തുടർന്ന് വിളിച്ചപ്പോൾ വിളി കേൾക്കാത്തതിനെ തുടർന്ന് ജനൽ വഴി പരിശോധിച്ചപ്പോഴാണ് അകത്തുനിന്ന് പൂട്ടിയ വീടിനുള്ളിൽ മകളെയും പേരക്കുട്ടികളെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ജീവനായി പിടഞ്ഞ ഒൻപതു വയസ്സുകാരി ഭൂമികയെ വാതിൽ പൊളിച്ച് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പായിരുന്നു ഇവരുടെ മൂത്ത മകളുടെ വിവാഹം. സ്ഥിരം മദ്യപാനിയായ പളനിയും വള്ളിയും തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ചയും രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യ വള്ളിയുമായി വഴക്കിട്ടു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഉറങ്ങിക്കിടന്ന കുട്ടികളുൾപ്പെടെയുളളവരെ അരിവാളും മഴുവും ഉപയോഗിച്ച് പളനി കൊലപ്പെടുത്തി, ആത്മഹത്യ ചെയ്യുകയാണുണ്ടായത്. വള്ളി (37), തൃഷ (15), മോനിഷ (14), ശിവശക്തി (7), ധനുഷ് (4) എന്നിവരാണ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചത്. 9 വയസ്സുകാരിയായ മകൾ ഭൂമികയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.