സൗദിയില്‍ അബ്ശിര്‍ വഴി പ്രതിദിനം നല്‍കുന്നത് 60,000 സേവനങ്ങള്‍; പുതിയ ഫീച്ചറുകള്‍ വരുന്നു

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി നവംബറില്‍ 17.5 ലക്ഷത്തിലേറെ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പുതിയ ഇഖാമ, ഇഖാമ പുതുക്കല്‍, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടക്കം 350 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി നല്‍കുന്നു. 2.6 കോടിയിലേറെ ഡിജിറ്റല്‍ ഐ.ഡി ഉടമകള്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ദിവസേന ശരാശരി 60,000ളം സേവനങ്ങള്‍ നവംബറില്‍ അബ്ശിര്‍ വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങള്‍ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്വദേശികളെയും വിദേശികളെയും അബ്ശിര്‍ സഹായിക്കുന്നു.
കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ അബ്ശിറില്‍ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്. നഷ്ടപ്പെടുന്ന സൗദി തിരിച്ചറിയല്‍ കാര്‍ഡിനു പകരം ബദല്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍, ഇവ ഗുണഭോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിക്കല്‍, നവജാതശിശുക്കളുടെ ജനനം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യല്‍, ജനന സര്‍ട്ടിഫിക്കറ്റ് സൗദി വനിതകളായ മാതാക്കള്‍ക്ക് നേരിട്ട് എത്തിക്കല്‍, വിദേശികളുടെ നവജാതശിശുക്കളുടെ ജനനം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യല്‍, മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് വിദേശികള്‍ക്ക് തപാല്‍ മാര്‍ഗം എത്തിക്കല്‍, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ നമ്പര്‍ പ്ലേറ്റുകളെ കുറിച്ച് അറിയിക്കല്‍, എയര്‍ഗണ്‍ ക്ലിയറന്‍സ്, പാറ പൊട്ടിക്കാനുള്ള സ്‌ഫോടക വസ്തുക്കള്‍ക്കുള്ള ലൈസന്‍സ്, നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിനല്‍കല്‍, സന്ദര്‍ശന വിസകളിലെത്തുന്നവരെ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഓഥറൈസേഷനുകള്‍ എന്നിവ അടക്കം നിരവധി സേവനങ്ങള്‍ സമീപ കാലത്ത് അബ്ശിറില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News