'നാടോടുമ്പോൾ നടുവേ' എന്ന് വല്യേട്ടനെ ആരും പഠിപ്പിക്കണ്ട. 27 ാമത് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കണ്ടു മലർന്നു പോയവർ ആകാശത്ത് പതിവില്ലാതെ കണ്ട പല പുരോഗമന നക്ഷത്രങ്ങളും എണ്ണിപ്പോയി.
'ആർക് ലൈറ്റ്' കത്തിച്ചാണ് വിജയേട്ടൻ ആ കർമം നിർവഹിച്ചത്. അണിയറയിൽ, മേൽപടി ലൈറ്റ് പണിമുടക്കുമെന്നു പ്രതീക്ഷിച്ച് ഒരുങ്ങി നിന്ന നിലവിളക്കും മെഴുകുതിരിയും നിശ്ശബ്ദം കണ്ണീർ വാർത്തിരിക്കാം. ആ 'ലൈറ്റ്' ആണ് സിനിമ ഷൂട്ടിംഗിന്റെ വെളിച്ചം. അത് അണയുമ്പോൾ പിന്നാമ്പുറത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും മിണ്ടാൻ കൊള്ളില്ല. 'വിമെൻ' ഇൻ കലക്ടീവ്'കാരോടു വേണ്ട രീതിയിൽ ചോദിച്ചാൽ അൽപ സ്വൽപമൊക്കെ കിട്ടിയെന്നു വരാം. എന്തൊരു പൊരുത്തം! ഏതായാലും പുതിയ ഉദ്ഘാടന വിദ്യക്ക് നാട മുറിക്കുന്നതു പോലെ എത്ര അനുയോജ്യം! 'സ്റ്റാർട്ടും' 'കട്ടും' കൂടി പറഞ്ഞ് സംഗതി അടിപൊളിയാക്കാമായിരുന്നു. പക്ഷേ, പിണറായി സഖാവിന്റെ മുന്നിൽ നിന്ന് 'സ്റ്റാർട്ട്' പറയാൻ ഇനിയൊരുവൻ കേരളക്കരയിൽ ജനിക്കണം. 'കട്ട്' പറയാൻ പിന്നെ വേദിയിൽ അവശേഷിക്കില്ല. സിനിമ ഗജേന്ദ്രന്മാരും മേയർകുട്ടിയും എത്ര വിനയത്തോടെയാണ് നിന്നിരുന്നതെന്നു വിവരിക്കാൻ അത്യധികം മെയ്‌വഴക്കമുള്ള നാവുകൾ തന്നെ വേണം. ഇതു വടക്കൻ കൊറിയയോ ചൈനയോ ആണോ എന്നു ദോഷൈകദൃക്കുകൾ മനഃപൂർവം ശങ്കിച്ചിരിക്കാം. മേൽപറഞ്ഞ രണ്ടു ശങ്കകളും ഈ നൂറ്റാണ്ടിൽ നടപ്പാകില്ലെന്ന് ഉറപ്പ്. വീണ്ടും ശങ്കയുള്ളവർ ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം നോക്കിയാൽ മതിയാകും. ഉണ്ടായിരുന്ന ഒരു ചുവന്ന സീറ്റ് കൂടി മഞ്ഞിൽ താണുപോയി. പക്ഷേ, ദീർഘദൃഷ്ടിയുള്ള ഇവിടുത്തെ സംസ്ഥാന കൊച്ചേട്ടൻ കാര്യങ്ങൾ തിരിച്ചറിഞ്ഞു. അവർ കെ.പി.എ.സി എന്ന നാടകക്കമ്പനിയാഫീസ് ഒരു മ്യൂസിയമാക്കാൻ പോകുന്നു. കായംകുളത്തെ 'കാർട്ടൂണിസ്റ്റ് ശങ്കർ മ്യൂസിയ' ഹൗസ് ഫുള്ളായി ഓടുന്നതു നിത്യവും കാണുന്നതാണ്. വാർത്തയിൽ പെട്ടെന്നു കയറിപ്പറ്റാൻ വിരുതനാണ് കാനം സഖാവ്. അങ്ങോർ 'മ്യൂസിയം' പ്രഖ്യാപിക്കുമ്പോൾ, ചുറ്റിനും പാർട്ടി സംസ്ഥാന നേതാക്കൾ മൗനമാചരിച്ചു കുത്തിയിരുന്നു. ഇനിയുള്ള തലമുറക്ക് കായംകുളത്ത് വാഹനമിറങ്ങി 'ശങ്കറെ' കണ്ട്, സമയം മിച്ചമുണ്ടെങ്കിൽ നാടക മ്യൂസിയത്തിലേക്കു വെച്ചുപിടിക്കാം. അവിടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലെ കാരണവർ പരമു പിള്ളയുടെ വടിയും കുടുമയും പിതാവ് തോപ്പിൽ ഭാസിയുടെ കണ്ണട, അനിയൻ കൃഷ്ണപ്പിള്ളയുടെ കഷണ്ടിക്കുള്ള മരുന്നിന്റെ കുപ്പി, മുടിയനായ പുത്രനിലെ മാലയുടെ കുപ്പിവള, കേശവൻ പോറ്റി സാറിന്റെ വെറ്റിലച്ചെല്ലം, പുനലൂർ രാജഗോപാൽ വക്കീലിന്റെ മൂക്കുപ്പൊടി ഡപ്പി, കാമ്പിശ്ശേരിയുടെ കുപ്പായം, സുലോചനയുടെ മുത്തുമാല തുടങ്ങിയ വിശിഷ്ട പൗരാണിക സമ്പത്തുക്കൾ പലതും ചില്ലിട്ട പേടകങ്ങളിൽ പ്രദശനത്തിനുണ്ടാകും. രണ്ടു ഫിലിമെടുത്തു പൊളിഞ്ഞ കെ.പി.എ.സി ഫിലിംസിന്റെ കണക്കു പുസ്തകം കാണാമെന്ന് ആരും പ്രതീക്ഷിക്കണ്ട.
ഹിമാചൽ പ്രദേശ് മുതൽ കന്യാകുമാരി വരെ വല്യേട്ടൻ പാർട്ടിക്കും മ്യൂസിയമാക്കാൻ പറ്റിയ പല ഓഫീസുകളുമുണ്ട്. വൈകണ്ട. ദില്ലിയിൽ എ.കെ.ജി ഭവനും ലെഫ്റ്റ് വേർഡ് ബുക്‌സും മ്യൂസിയത്തിന് ് ഭാവിയുണ്ടെന്നു വിളംബരം ചെയ്യുന്നു. കൊച്ചേട്ടന്റെ അജയ് ഭവൻ 'സ്മരണകളിരമ്പുന്ന' മറ്റൊന്ന്. പ്രവേശന ടിക്കറ്റ് ഏർപ്പെടുത്തിയാൽ ആണ്ടോടാണ്ട് പൂർവധികം ഭംഗിയായി നടത്തപ്പെടുന്ന ഫണ്ട് പിരിവ് ഒഴിവാക്കാം. പൊതുജന ശാപം കുറഞ്ഞുകിട്ടും. പിരിച്ചുവിടണമെന്ന് ആരും ആവശ്യപ്പെടാൻ ഇടയില്ല. പണ്ട് മഹാത്മാഗാന്ധി പിരിച്ചുവിടാൻ ഉപദേശിച്ച ഒരു കക്ഷി കാട്ടിയ അനുസരണക്കേടിന്റെ ഫലം ഇന്ന് ഓരോ സംസ്ഥാനത്തും അനുഭവിച്ചുപോരുന്നത്. നാട്ടുകാർ കാണുന്നുണ്ടല്ലോ.
**** **** ****
പതിനൊന്നു നിലയുള്ള ലീഡർ സ്മാരക മന്ദിരം തലസ്ഥാനത്ത് ഉയരും, ഫണ്ട് സർക്കാരിൽ നിന്നു ആയതിനാൽ. പുതുപ്പള്ളി കുഞ്ഞൂഞ്ഞച്ചായൻ മുഖ്യനായിരുന്നപ്പോൾ അനുവദിച്ചതാണ്. ഗ്രൂപ്പ് വേറെ, സ്മാരകം വേറെ... മുപ്പതു കോടി കുഞ്ഞുമാണി സ്മാരകത്തിനു നൽകി പുത്രമാണിയെയു കൂട്ടരെയും ഇടതുമുന്നണിയിലെടുത്തതു പോലെ ഒരു അടവും അന്നുണ്ടായില്ല. പൂഴിക്കടകൻ ഉൾപ്പെടെ സർവ അടവുകളും ലീഡറുടെ കാലത്തു തന്നെ പയറ്റിക്കഴിഞ്ഞതാണല്ലോ. പൂഴിക്കു പകരം നാറ്റമുള്ള ചെളിയായിരുന്നുവെന്നു മാത്രം. 'കണ്ടു കണ്ടുകണ്ടങ്ങിരിക്കും നേതാവിനെ/ കണ്ടില്ലെന്നു വരുത്തുന്നതും ഹൈക്കമാന്റ് എന്ന ഘട്ടം ഇനിയും കഴിഞ്ഞിട്ടില്ല. സുധാകര ഗുരു വി.ആർ.എസ് എടുത്ത് സ്വയം പിരിയും മുമ്പ് ഒപ്പിച്ച പണിയാണ് സ്മാരക മന്ദിര പ്രഖ്യാപനം. ഇനിയൊരു പ്രസിഡന്റും സൈ്വരമായി ഉറങ്ങാൻ പോകുന്നില്ലെന്ന് ഉറപ്പായി.
പതിനൊന്നു നില കെട്ടിടം, മുപ്പത്തിയഞ്ചു കോടി രൂപ ചെലവ്. ബൂത്ത് ഒന്നിനു പതിനായിരം വീതം പിരിക്കണം. കേരളത്തിൽ എത്ര ബൂത്തുകളുണ്ടെന്ന് ചോദിക്കരുത്; അക്കാര്യം ഒരു അന്വേഷണ കമ്മീഷനു വിടണം. അതിനാൽ തന്നെ പല പതിനായിരങ്ങളും അറബിക്കടലിൽ മുങ്ങിപ്പോകാനും സാധ്യത. വീക്ഷണം ദിനപത്രത്തിനു വേണ്ടി ഫണ്ട് പിരിച്ച പലരും അടൂർ ഭാസി പാടിയതു പോലെ 'അവനിന്നിം പാലയിൽ നടപ്പൂ' എന്ന ഗമയിൽ നാട്ടിൽ കഴിഞ്ഞു പോരുന്നു. 'അച്ചടക്ക നടപടി' എന്നൊന്നുണ്ട്. 'നീലക്കൊടുവേലി' എന്ന സസ്യം പോലെ, കണ്ടവർ ചുരുക്കം. അതിനാൽ 'ഫണ്ട്' വാർത്തയോടെ എല്ലാ ഖദർധാരികളും രോമാഞ്ചമണിഞ്ഞാണ് നില; അല്ലാതെ മഞ്ഞുകാലമായതുകൊണ്ടല്ല.
സ്മാരകമുയരുമ്പോൾ വർഷങ്ങൾ കഴിയും. ആരാ ഈ ലീഡർ എന്നു ചോദിച്ച് അപൂർവം ചില ന്യൂജെൻ വിത്തുകൾ കടന്നു ചേന്നേക്കും. ആദ്യ നിലയിൽ കരുണാകരന്റെ ഖദർ ജുബ്ബയും മുണ്ടും കണ്ണടയും കണ്ടേക്കാം. പിന്നെ മുകളിലത്തെ നിലകളിലേക്ക് ചിത്രകാരനായ ലീഡറുടെ രചനകൾക്ക് പ്രവേശനമുണ്ട്. ചർച്ച യോഗങ്ങളുടെ നീണ്ട ഹാളിൽ എത്തുന്നവർ ഇൻഷുറൻസ് പോളിസി കൂടി എടുത്താൽ കുടുംബത്തിനു നല്ലത്. ഒരു നില ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്. അവിടെ നിവേദ്യവും പായസവും ഇഡ്‌ലിയും വടയും യഥേഷ്ടം ലഭിച്ചിരുന്ന ആ പഴയ കാലത്തെ ഫോട്ടോകൾ കണ്ട് വയർ നിറയ്ക്കാം. പാർട്ടി പരിശീലനത്തിനുള്ള നിലയിൽ അഗ്നിശമന യന്ത്രങ്ങളും ജനാലയിലൂടെ താഴേക്കു ചാടാൻ നീട്ടിക്കെട്ടിയ കയറും കാണാൻ കഴിയും. അങ്ങനെ ഓരോ നിലയും ഓരോ 'സംഭവ'മായിരിക്കും. മന്ദിരം മൊത്തം പൂർത്തിയാകുമ്പോഴേക്കും പാർട്ടിയും പതിനൊന്നു ഗ്രൂപ്പുകളായി വികസിക്കുമെന്ന് ദീർഘദൃഷ്ടിയോടെ കണ്ട ഇന്നത്തെ ഭാരവാഹികളെ നിശ്ചയമായും കുമ്പിടണം. ഒരു ഗ്രൂപ്പിനും നിരാശപ്പെടേണ്ടി വരില്ലല്ലോ.
**** **** ****
ഇന്ത്യയിലെ വടക്കു കിഴക്കനോ, തെക്കു പടിഞ്ഞാറോ, നേരെയോ, കുറുകെയോ ഉള്ള ഏതൊരു ദേശത്തെ 'റിസോർട്ടി'ൽ ഒരു ഖദർ ധാരിയെ കണ്ടാലും സംശയിക്കരുത്; പോലീസിൽ അറിയിക്കുകയും ചെയ്യരുത്. അതു ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എമ്മെല്ലേ ആയിരിക്കും. കേന്ദ്ര ഭരണ പാർട്ടി ചാക്കുമായി അവർക്കു പിന്നാലെയുണ്ട്. ജയിച്ചു കഴിഞ്ഞാൽ സ്വന്തം നാട്ടിൽ കഴിയാൻ ഭാഗ്യമില്ലാത്ത കോൺഗ്രസുകാരാണവർ. ഇതിനു പ്രതിവിധിയായി കോൺഗ്രസുകാരും ചാക്കുമായി രംഗത്തുണ്ടത്രേ! ബി.ജെ.പിയുടെ 25 എമ്മെല്ലേമാരെയാണ് നോട്ടം. എങ്കിലും ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
**** **** ****
ലീഗ് ജനാധിപത്യ പാർട്ടി തന്നെയാണ് എന്ന എം.വി. ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റോടെ, വർഗീയ പാർട്ടിയാണ് എന്ന പിണറായി സഖാവിന്റെ പഴയ സർട്ടിഫിക്കറ്റ് റദ്ദായിപ്പോയി.
ഇനിയും ആ പാർട്ടിയെ വെയിലത്തു നിർത്തണോ എന്ന കാര്യം ആലോചിക്കണം. 'അധികാരത്തണൽ' ഏൽക്കാതെ മെലിഞ്ഞുണങ്ങിപ്പോയ കുറച്ചുപേർ കോൺഗ്രസിലുണ്ട്. അവരെയും പരിഗണിക്കണം. ഞങ്ങൾ ക്ഷണിച്ചിട്ടില്ല എന്നു ഗോവിന്ദൻ സഖാവും, പ്രതീക്ഷിക്കണ്ട, ഞങ്ങൾ യു.ഡി.എഫിൽ തന്നെ എന്നു സാദിഖലി തങ്ങളും പറഞ്ഞിരുന്നാൽ ശരിയാകില്ല. ഒരു ദേശീയ മുന്നണിയുടെ സമയമായി. മന്ത്രിമാരുടെ എണ്ണം ചോദ്യം ചെയ്യാൻ ഗവർണർ വന്നേക്കാം. തിരിഞ്ഞു നോക്കരുത്.






