കർണാടകയിൽ ഈ അവസ്ഥയിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ പോലും മതേതരചേരിക്ക്, പ്രത്യേകിച്ച് കോൺഗ്രസിന് അതിൽ ആഹ്ലാദിക്കാൻ വകയുണ്ട്. വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തിൽ മാത്രമല്ല അത്. 37.9 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പിക്ക് ലഭിച്ചത് 36.2 ശതമാനവും. ജെ.ഡി.എസിന് ലഭിച്ചത് 18.5 ശതമാനം വോട്ടുകളും.
ഏറ്റവും കുറവ് വോട്ടിംഗ് ശതമാനവും സീറ്റും ലഭിച്ച പാർട്ടിയെ കോൺഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറെ പുതുമയുള്ളതാണ്. ബി.ജെ.പി എന്ന മുഖ്യശത്രുവിനെ തോൽപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് രാജ്യത്തോട് വിളിച്ചുപറയുകയാണ് കോൺഗ്രസ്. ഏറ്റവും കുറഞ്ഞ വോട്ട് മാത്രം നേടി അധികാരത്തിലേക്ക് വരുന്നവരെ ജനാധിപത്യത്തിന്റെ അതേ ആവരണം കൊണ്ട് പ്രതിരോധിക്കുകയാണ് കോൺഗ്രസ്. ഏറ്റവും കൂടുതൽ വോട്ടും സീറ്റും നേടിയിട്ടും കോൺഗ്രസിനെ അധികാരത്തിൽനിന്ന് മാറ്റി നിർത്താൻ പാതിരാനാടകങ്ങൾ നടത്തിയവരെ അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. പാതിരാനാടകങ്ങളിൽ ധാർമ്മികത പോലുമുണ്ടായിരുന്നില്ലെങ്കിൽ, ഇവിടെ ധാർമികതയുടെ കവചം കൂടി കോൺഗ്രസിനുണ്ട്.
ജെ.ഡി.എസിനുള്ള പിന്തുണ കേവലം നിയമസഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ കളിയല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് കർണാടകയിൽ നഷ്ടമായത് 25 സീറ്റുകളാണ്. ഒരു സീറ്റ് കോൺഗ്രസിന് അധികം ലഭിച്ചു. ദേവഗൗഡയുടെ ജെ.ഡി.എസിനാകട്ടെ 22 സീറ്റുകൾ അധികം ലഭിച്ചു. ഈയൊരു കണക്ക് കൂടി കണ്ടാണ് ജെ.ഡി.എസിനെ നിരുപാധികം പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ബി.ജെ.പി ചേരിയിലേക്ക് പോകുമായിരുന്ന ജെ.ഡി.എസിനെ കൂടെക്കൂട്ടുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് അടുത്തവർഷം ഇതേ മാസത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ്. ഈ സഖ്യം വിജയിക്കുകയാണെങ്കിൽ കോൺഗ്രസിന് മുന്നിൽ വഴികൾ എളുപ്പമാണ്.
https://twitter.com/twitter/statuses/996334732571889666
കർണാടകയിൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയാൽ കോൺഗ്രസിന് ഇതിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയുമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. തെരഞ്ഞെടുപ്പിൽ പക്ഷെ പലപ്പോഴും ഒന്നും രണ്ടും മൂന്നാകണമെന്നില്ല. ജെ.ഡി.എസിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ ഒന്നിച്ചുകൂട്ടി അത് ബി.ജെ.പി വോട്ടുമായി ചേർക്കുമ്പോൾ ലഭിക്കുന്ന ഉത്തരമായിരിക്കില്ല ഒന്നിച്ച് മത്സരിക്കുമ്പോൾ ലഭിക്കുന്നത്. അങ്ങിനെ ഉത്തരം ലഭിക്കില്ല എന്നതിന് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സാക്ഷിയാണ്. എന്നാൽ, ചില ഘട്ടങ്ങളിൽ ഇത് സാധ്യമാകാറുമുണ്ട്. ജനാധിപത്യം എന്നത് സാധ്യതകളുടെ കൂടി കലയാണല്ലോ.
ഏതായാലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടക അത്രവലിയ പരിക്കൊന്നും ഏൽപ്പിച്ചിട്ടില്ല. മാത്രമല്ല, ഭാവിയിലേക്ക് ചൂണ്ടുന്ന ഒട്ടേറെ വിരലുകളും കർണാടക കാണിച്ചുതരുന്നുണ്ട്.