സല്‍ക്കാരം കഴിഞ്ഞു വരുന്നതിനിടെ  അപകടം, ഉമ്മയും കുഞ്ഞും മരിച്ചു 

കാസര്‍കോട്- വിവാഹവിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകള്‍ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ആറുപേര്‍ക്ക് പരിക്കേറ്റു.ഗോളിത്തടിയില്‍ നടന്ന ബന്ധുവിന്റെ വിവാഹവിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സമദ്, സഫ്വാന്‍, ഷമ്മാസ് എന്നിവരാണ് ഷഹദയുടെ മറ്റ് മക്കള്‍.
ഷാനവാസിന്റെ പിതൃസഹോദരി ബീഫാത്തിമ (64), അവരുടെ മകന്‍ അഷ്‌റഫ് (45), സഹോദരന്‍ ഹനീഫയുടെ ഭാര്യ മിസ്രിയ (32), മകള്‍ സഹറ (ആറ്), മറ്റൊരു സഹോദരന്‍ യാക്കൂബിന്റെ ഭാര്യ സെമീന (28), മകള്‍ അല്ഫ ഫാത്തിമ (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്നുപേരെ കാസര്‍കോടും മൂന്നുപേരെ മംഗളൂരുവിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം മുഡൂരിലാണ് അപകടം. പുഴയ്ക്കരികിലെ മരത്തിലുടക്കി കാര്‍ നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. 
 

Latest News