മൂന്ന് മാസത്തിനുശേഷം മതം തിരിച്ചറിഞ്ഞു; പീഡന പരാതിയുമായി യുവതി; 23 കാരന്‍ അറസ്റ്റില്‍

നോയിഡ- ബലാത്സംഗം ചെയ്തുവെന്ന കാമുകിയുടെ പരാതിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ 23 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മൂന്ന് മാസത്തെ ബന്ധത്തിന് ശേഷമാണ് യുവാവ് മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവതി പറയുന്നു. ആശിഷ് താക്കൂര്‍ എന്നാണ് പേരു പറഞ്ഞിരുന്നതെന്നും യഥാര്‍ഥ പേര് ഹസീന്‍ സൈഫി എന്നാണെന്നും യുവതി പറഞ്ഞു.
ബലാത്സംഗത്തിന് ഐ.പി.സി 376  പ്രകാരവും ഉത്തര്‍പ്രദേശ്  മതപരിവര്‍ത്തന നിരോധ ഓര്‍ഡിനന്‍സ് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതി ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. യുവാവിനെനഗരത്തില്‍ വെച്ച് കണ്ടുമുട്ടുകയും ഇരുവരും പ്രണയത്തിലാവുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദിനേഷ് കുമാര്‍ സിംഗ് പറഞ്ഞു.
പിന്നീട് യുവാവ് മുസ്ലീമാണെന്നും യഥാര്‍ത്ഥ പേര് ഹസീന്‍ സൈഫിയാണെന്നും യുവതി മനസ്സിലാക്കി. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.  പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു- സിംഗ് പറഞ്ഞു.
സൈഫി യുവതിക്ക് വിവാഹ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് ദാദ്രി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ തുടര്‍ നിയമനടപടികള്‍ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News