പിഞ്ചുമകള്‍ക്ക് മുന്നില്‍ കുവൈത്തി യുവതിയെ കൊന്ന പ്രതിക്ക് വധശിക്ഷ തന്നെ

കുവൈത്ത് സിറ്റി - കുവൈത്തി യുവതി ഫറഹ് ഹംസ അക്ബറിന്റെ ഘാതകന് വധശിക്ഷ തന്നെ. പ്രതിക്ക് അപ്പീല്‍ കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കി പരമോന്നത കോടതി വധശിക്ഷ വിധിച്ചു. ഫറഹ് അക്ബറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിക്ക് വിചാരണ കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ അപ്പീല്‍ കോടതി ഇത് ലഘൂകരിക്കുകയും പകരം ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. ഇതാണ് പരമോന്നത കോടതി റദ്ദാക്കി അന്തിമവിധിയെന്നോണം വധശിക്ഷയാക്കി മാറ്റിയത്.
പ്രതിരോധ മന്ത്രാലയത്തില്‍ സൈനിക ഉദ്യോഗസ്ഥനായ പ്രതി 2021 ഏപ്രില്‍ 21 ന് വിശുദ്ധ റമദാനില്‍ പട്ടാപ്പകലാണ് ഫറഹ് അക്ബറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. സ്വബാഹ് അല്‍സാലിം ഏരിയയിലാണ് നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. ഫറഹ് അക്ബറും പിഞ്ചു മകളും സഞ്ചരിച്ച കാര്‍ സ്വബാഹ് അല്‍സാലിം ഏരിയയില്‍ വെച്ച് തന്റെ കാര്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയ പ്രതി യുവതിയെ പിഞ്ചു മകള്‍ക്കു മുന്നിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു.
വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്കെതിരെ ഫറഹ് അക്ബര്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിലുള്ള വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയത്. യുവതിയുടെ കാറില്‍ രഹസ്യമായി ട്രാക്കിംഗ് ഡിവൈസ് സ്ഥാപിച്ചാണ് സംഭവ ദിവസം ഇവരുടെ സഞ്ചാരപഥം പ്രതി മനസ്സിലാക്കി ക്രൂരകൃത്യം നടത്തിയത്.

 

Latest News