ആരിഫ് ഖാനുമായുള്ള പോരാട്ടത്തിൽ ആദ്യജയം നേടി പിണറായി


ഗവർണറുടെ ചാൻസലർ പദവി എടുത്തുകളയാനുള്ള നിയമം  നിയമസഭ പാസാക്കാനിരിക്കേ നടന്ന മല്ലിക സാരാഭായ് നിയമനത്തിൽ യോഗ്യതയുടെ കാര്യം പറഞ്ഞ്  ഗവർണർക്ക് മിണ്ടാനാകില്ല. നൃത്തകലയിലെ അവസാന വാക്ക്.  പത്മഭൂഷൺ ഉൾപ്പെടെ നേടിയ വനിത. നിരവധി അവാർഡ് കരസ്ഥമാക്കിയ പ്രതിഭ. സപ്തതിയുടെ പടിവാതിലിൽ നിൽക്കുന്ന പക്വത.

 

രാഷ്ട്രീയ ചാണക്യ ബുദ്ധിയിൽ തുല്യ ശക്തികളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും  മുഖ്യമന്ത്രി പിണറായി വിജയനും എന്ന് കേരളത്തിന് കുറച്ചൊക്കെ മനസ്സിലായിവരുന്നുണ്ട്. ഗവർണറായി എത്തിയ ആദ്യ നാളുകളിൽ തന്നെ ആരിഫ് മുഹമ്മദ് ഖാൻ കേരള ജനതയുമായി നല്ല പി.ആറിന്റെ പാലം പണിതു തുടങ്ങിയിരുന്നു.  എവിടെയും  ചെല്ലുക, കാണുക, കീഴടക്കുക എന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ രീതി.  തിരുവനന്തപുരം പാളയം ഈദ്ഗാഹിൽ അദ്ദേഹം വന്നതിനെപ്പറ്റിയും പാളയം  ഇമാം ഡോ. സുഹൈബ് മൗലവി തന്റെ പ്രസംഗത്തിൽ  അന്ന് ഉദ്ധരിച്ച വിശുദ്ധ ഖുർആൻ വചനം അവിശ്വസനീയമാം വിധം പാരായണ നിയമങ്ങൾ പാലിച്ച് ആവർത്തിച്ച ശേഷം  നടത്തിയ പ്രസംഗത്തെക്കുറിച്ചും   ഈ കോളത്തിൽ എഴുതിയിരുന്നു. ഈദ്ഗാഹ് കഴിഞ്ഞ് നടന്നു പോകുന്ന വഴിയിൽ കണ്ട ചെറിയ കുട്ടിക്കൂട്ടങ്ങളെയെല്ലം അവരോടൊപ്പം ഇരുന്നും നിന്നും സന്തോഷിപ്പിച്ച്  ഇറങ്ങിപ്പോകുന്ന ഗവർണർ നല്ലൊരു കാഴ്ച തന്നെയായിരുന്നു.   ഇതു പോലുള്ള    പി.ആർ വർക്ക് അദ്ദേഹം കേരള സർക്കാരുമായും ആദ്യ നാളുകളിൽ നന്നായി നടത്തുകയുണ്ടായി.  ഇപ്പറഞ്ഞ രീതിയിലുള്ള ഇറങ്ങി കളിച്ചുള്ള ഇടപെടലുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും വീണു പോയിരുന്നു എന്നൊന്നും പറയാനാവില്ല. ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയുമായുള്ള ഊഷ്മള ബന്ധത്തിന്റെ കാലം മനനം ചെയ്താലും  നേട്ടമുണ്ടാക്കിയത് മുഖ്യമന്ത്രിയായിരിക്കും എന്ന് കാണാം. മുഖ്യമന്ത്രി വ്യക്തിപരമായ നേട്ടമുണ്ടാക്കി എന്നല്ല,  വിവാദ കൊടുങ്കാറ്റുയർത്തിയ വൈസ് ചാൻസലർ നിയമനമൊക്കെ വെണ്ണയിൽ നിന്ന് മുടി മാറ്റുന്ന ലാഘവത്തിൽ  ഗവർണറിൽ നിന്ന് സാധിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നു.   സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പോരാട്ട വഴിയിൽ, തൊണ്ണൂറ് കഴിഞ്ഞ ഇർഫാൻ ഹബീബിനൊക്കെ ഒപ്പം നിൽക്കുന്നയാളാണ് കണ്ണൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ശരീഅത്ത് വിവാദ കാലത്ത് ആരിഫ് മുഹമ്മദ് ഖാന്റെ പ്രിയപ്പെട്ട സഹചാരിയായിരുന്നു ഇർഫാൻ  ഹബീബെന്നത്  സന്ദർഭവശാൽ ഓർക്കുന്നത് മറ്റൊരു കൗതുകം.  രവീന്ദ്രനെ പോലൊരാളെ  ഉദ്ദേശിച്ച രീതിയിൽ സ്ഥാനങ്ങളിൽ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പരിവാറിൽ പിണറായി വിജയന്റെ പ്രതിഛായ തകരുമായിരുന്നു. അത്  തകരാതെ കാത്തത് പിണറായി വിജയന്റെ തന്ത്രമായി തന്നെയാണ് വിലയിരുത്തേണ്ടത്.  ഏറ്റവും അവസാനമുണ്ടായ കാര്യം  കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി  മല്ലിക സാരാഭായിയെ നിയമിച്ചതാണ്.
ഗവർണറുടെ ചാൻസലർ പദവി എടുത്തുകളയാനുള്ള നിയമം  നിയമസഭ പാസാക്കാനിരിക്കേ നടന്ന മല്ലിക സാരാഭായ് നിയമനത്തിൽ യോഗ്യതയുടെ കാര്യം പറഞ്ഞ്  ഗവർണർക്ക് മിണ്ടാനാകില്ല. നൃത്തകലയിലെ അവസാന വാക്ക്.  പത്മഭൂഷൺ ഉൾപ്പെടെ നേടിയ വനിത. നിരവധി അവാർഡ് കരസ്ഥമാക്കിയ പ്രതിഭ. സപ്തതിയുടെ പടിവാതിലിൽ നിൽക്കുന്ന പക്വത. മോഡിയുടെ നാട്ടിൽ ജനിച്ചു. പാലക്കാട്ടെ ആനക്കര വടക്കത്ത് തറവാട്ടുകാരിയാണ് മാതാവ് മൃണാളിനി സാരാഭായി. മൃണാളിനി മരിച്ചപ്പോൾ മോഡിയോ പരിവാരങ്ങളോ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.  നിരവധി പോരാളികൾക്ക് ജന്മം കൊടുത്ത തറവാട്. അമ്മു സ്വാമി നാഥനും ക്യാപ്റ്റൻ ലക്ഷ്മിയുമൊക്കെ ഈ തറവാട്ടിലുള്ളവരായിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോവിൽ പിണറായി വിജയനൊപ്പം അംഗമായ സുഭാഷിണി അലി  മല്ലികയുടെ കസിൻ. ഇങ്ങനെയൊരാളെ രംഗത്തിറക്കി യോഗ്യതയെപ്പറ്റി ആരിഫ് മുഹമ്മദ് ഖാനോട്  താങ്കളിനി എന്ത് പറയും എന്ന് ചോദിക്കുന്ന പിണറായി വിജയന് മുന്നിൽ തൽക്കാലം ആരിഫ് മുഹമ്മദ് ഖാൻ തോറ്റു നിൽക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ  അടുത്ത അടവെന്തായിരിക്കും എന്ന് ആർക്കറിയാം. ഇതുപോലുള്ള പോരാട്ടങ്ങൾ കാണാൻ എന്തൊരു ഭംഗി എന്ന് എല്ലാവരും തലകുലുക്കുമെന്നുറപ്പ്.  ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മല്ലിക സാരാഭായ് നടത്തിയ പ്രതികരണം ഇനി പറയുന്നു.  ''ഉള്ളിൽ അർബുദം ബാധിച്ചയാൾ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക. ഇത്രയേറെ കുടുംബങ്ങൾ കൂട്ടആത്മഹത്യ ചെയ്യുന്ന സംസ്ഥാനം വേറെയുണ്ടാകില്ല. സാമ്പത്തിക തകർച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയും ഒക്കെയാണ് കാരണങ്ങൾ.'' വിജയത്തിന്റെ ഏഴാം മഴവില്ലഴക് എന്നൊക്കെ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം 'ഹോ എന്തൊരു സ്പീഡ്' എന്ന് ആഘോഷിക്കപ്പെടുന്ന കാലത്ത്  ഈ വിധം വിളിച്ചു പറഞ്ഞ, ജന്മം കൊണ്ട് ഗുജറാത്തുകാരിയായ വ്യക്തിയെ തന്നെ ആദ്യ ചാൻസലറാക്കിയതിലൂടെ ജയിച്ചു നിൽക്കുന്ന പിണറായി വിജയനെ തോൽപിക്കാൻ  ചെറിയ അടവൊന്നും മതിയാകില്ല.  
ഡിസംബർ 14 ന് രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്ന് പരിപാടിയിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവർണർ ക്ഷണിച്ചിരിക്കയാണ്.   സർക്കാരും രാജ്ഭവനും തമ്മിൽ തുടരുന്ന പോരിനിടെയാണിത്. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്. പോര് നടക്കുമ്പോൾ ഓണം വാരാഘോഷത്തിന്റെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പതിവിൽ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയത് വിവാദമായിരുന്നു.  ഈ എതിർപ്പ് നിൽക്കുന്ന സാഹചര്യത്തിലാണ് വിരുന്നിലേക്ക് ഗവർണർ സർക്കാരിനെ ക്ഷണിച്ചിരിക്കുന്നത്. എന്തിനായിരിക്കാം ഈ ക്ഷണം? എന്തൊക്കെ നടക്കുമെന്ന്  കാത്തിരുന്ന് കാണാം. 

  

     
 

Latest News