വർഗീയതയുടെ വേരുകൾ എത്രത്തോളം ആഴത്തിൽ ഉറച്ചു കഴിഞ്ഞിട്ടുണ്ടെന്നതിന്റെ വിലയിരുത്തൽ മാത്രമല്ല, ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ പൊതുശത്രുവിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ എങ്ങനെയൊക്കെ തയാറെടുക്കണമെന്നതിന്റെ കൂടി മുന്നറിയിപ്പാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം.
ഗുജറാത്തിൽ ഏഴാം വട്ടവും റെക്കോർഡ് വിജയത്തോടെ ബി.ജെ.പി അധികാരത്തിലെത്തിയത് 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ കരുത്തോടെ നേരിടാനുള്ള ആത്മവിശ്വാസം ബി.ജെ.പി നേതൃത്വത്തിന് നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഗുജറാത്തി്ൽ കൂറ്റൻ വിജയം ബി.ജെ.പി പ്രതീക്ഷിച്ചത് തന്നെയാണ്. എന്നാൽ ഗുജറാത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ ഭരണം കോൺഗ്രസ് കൈയാളിയതും ഇതോടൊപ്പം വിവിധ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലവും ബി.ജെ.പിയുടെ അമിതാഹഌദത്തെ തടയാൻ കെൽപുള്ളതാണ്. ഉത്തർപ്രദേശിലെ ഒരു ലോക്‌സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ ആറിൽ നാല് നിയമസഭ മണ്ഡലങ്ങളിലും പ്രതിപക്ഷ പാർട്ടികളാണ് വിജയിച്ചതെന്നത് ബി.ജെ.പി നേതൃത്വത്തെ തീർച്ചയായും അസ്വസ്ഥമാക്കുന്നുണ്ടാകും. 15 വർഷത്തിന് ശേഷം ദൽഹി നഗരഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചോതുന്ന ചില മിന്നലാട്ടങ്ങളെന്നതും ശ്രദ്ധേയമാണ്.
ഗുജറാത്തിലും ഉത്തർപ്രദേശിലും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളല്ല അതിനപ്പുറമുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നതെന്ന കാര്യം തിരിച്ചറിയാൻ ഈ പ്രതിപക്ഷ വിജയങ്ങൾ കാരണമാകും. തെരഞ്ഞെടുപ്പിൽ വോട്ടുകൾ തീർത്തും വർഗീയമായി വിഭജിക്കപ്പെട്ട ഗുജറാത്തിലും ഉത്തർപ്രദേശിലുമെല്ലാം ബി.ജെ.പിക്ക് ജയിക്കാൻ ഏക സിവിൽ കോഡും മതരാഷ്ട്രവും മുസ്‌ലീം പള്ളികൾ തകർത്ത് ക്ഷേത്രം പണിയാനുള്ള നീക്കങ്ങളുമൊക്കെ മതിയാകും. അതിനപ്പുറം സർക്കാർ സ്‌പോൺസേർഡ് പരിപാടിയായ മോർബി ദുരന്തവും ഗുജറാത്ത് കലാപത്തിലെ കൊടും ക്രിമിനലുകളെ ജയിൽ മോചിതരാക്കിയതുമൊന്നും അവിടെ തെരഞ്ഞെടുപ്പ് ചർച്ചയായില്ല. ഗുജറാത്തിലെ മാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ട് അതിനെ സമർത്ഥമായി തടയിടാനും ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞു.
ഗുജറാത്തിനപ്പുറമുള്ള ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്നുണ്ടെന്ന സൂചനകൾ കൂടി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. വിവിധ പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിട്ടാൽ 2024 ൽ നരേന്ദ്ര മോഡിയെയും കൂട്ടരെയും അധികാരക്കസേരയിൽ നിന്ന് താഴെയിറക്കാമെന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തിന് കരുത്തേകുന്നതാണ് ഗുജറാത്തിനപ്പുറത്തെ ഫല സൂചനകൾ. ഏക സിവിൽ കോഡും മതരാഷ്ട്ര വാദവുമൊന്നും എക്കാലത്തും എവിടെയും ചെലവാക്കാൻ പറ്റിയ ചരക്കല്ലെന്ന് ബി.ജെ.പിയെ ബോധ്യപ്പെടുത്തുന്നതാണ് പ്രതിപക്ഷത്തിന്റെ ചെറുതെങ്കിലും ഉജ്വല വിജയങ്ങൾ. ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്ന വർഗീയ അജണ്ടകളല്ല രാജ്യത്തെ ജനങ്ങൾക്ക് വേണ്ടതെന്ന് ഉറക്കെപ്പറയാനുള്ള കരുത്ത് പ്രതിപക്ഷത്തിനുണ്ട്. എന്നാൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് അത് മുതലെടുക്കാൻ കഴിയാത്തതാണ് പ്രശ്‌നം.
പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ കെൽപുള്ള ഒരു പാർട്ടി ദേശീയ തലത്തിലില്ല എന്നതാണ് പ്രതിപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് തന്നെയാണ് ബി.ജെ.പിക്കും അവരുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനും തുണയാകുന്നത്. പ്രതിപക്ഷ ശക്തിയെ മുന്നോട്ട് നയിക്കാൻ സാധിക്കുന്നത് കോൺഗ്രസിനായിരുന്നു. എന്നാൽ കോൺഗ്രസിനെ നയിക്കാൻ കരുത്തുള്ള ഒരു നേതാവിന്റെ അഭാവം ആ പാർട്ടിയെ ക്ഷീണിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
2014 ൽ ബി.ജെ.പി അധികാരത്തിലെത്തുമ്പോൾ 10 സംസ്ഥാനങ്ങളിലായിരുന്നു കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് ഭരണമുണ്ടായിരുന്നത്. അന്ന് കേവലം ഏഴ് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബി.ജെ.പി മുന്നണിയുടെ ഭരണം. എന്നാൽ എട്ട് വർഷത്തിനിപ്പുറം 2022 ൽ ഡിസംബറിൽ കോൺഗ്രസ് മുന്നണി നേതൃത്വം നൽകുന്ന ഭരണം മൂന്ന് സംസ്ഥാനങ്ങളിലായി ചുരുങ്ങി. ബി.ജെ.പി മുന്നണിയുടെ ഭരണം 17 സംസ്ഥാനങ്ങളിലേക്ക് മുന്നേറി. ഇത്രയും പരിതാപകരമായ അവസ്ഥയിൽ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നയിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് വിവിധ പ്രാദേശിക പ്രതിപക്ഷ കക്ഷികൾ ന്യായമായും വിശ്വസിക്കുന്നുണ്ട്. അത് തീർത്തും ശരിയുമാണ്. പ്രാദേശിക പ്രതിപക്ഷ കക്ഷികളാകട്ടെ, പല തട്ടുകളിലും നിലപാടുകളിലുമായി മാറി നിൽക്കുന്നതുകൊണ്ട് ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം സാധ്യമാകുന്നുമില്ല.
ഗുജറാത്തിലെ തകർപ്പൻ വിജയം 2024 ലെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആത്മവിശാസം വർധിക്കാൻ ഇടയാക്കുമെങ്കിലും രാജ്യത്ത് നരേന്ദ്ര മോഡിയുടെ തുടർഭരണത്തിനുള്ള ഒരു പ്രധാന സാധ്യതയായി ഈ വിജയത്തെ വിലയിരുത്താനാകില്ല. കർണാടകയിലും മൂന്ന് വടക്കു കഴിക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് അരങ്ങുണർന്നിരിക്കുകയാണ്. ഗുജറാത്തും ഉത്തർപ്രദേശും അടക്കം ഏതാനും സംസ്ഥാനങ്ങൾ കഴിഞ്ഞാൽ മറ്റിടങ്ങളിൽ ബി.ജെ.പിയുടെ സ്ഥിതി അത്ര സുരക്ഷിതമല്ല. അക്കാര്യത്തിൽ ബി.ജെ.പി നേതൃത്വത്തിനും കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും വലിയ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ കരസ്ഥമാക്കുകയെന്ന ലക്ഷ്യത്തോടെ മിഷൻ ദക്ഷിണേന്ത്യക്ക് ബി.ജെ.പി നേതൃത്വം പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓരോ സീറ്റും വിലപ്പെട്ടതാണെന്ന ബോധ്യം ബി.ജെ.പി നേതൃത്വത്തിനുണ്ട്. അതിനർത്ഥം 2024 ലെ തെരഞ്ഞെടുപ്പിൽ വലിയ അരക്ഷിതാവസ്ഥ അവർക്കുണ്ടെന്നാണ്.
എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ കഴിവുള്ള പാർട്ടി സംവിധാനമാണ് ബി.ജെ.പിയുടെ കൈമുതൽ. അതുപയോഗിച്ചാണ് താഴെ തട്ടിൽ വരെ ചിട്ടയായ രീതികളിലൂടെ അവർ ആധിപത്യം സ്ഥാപിക്കുന്നത്. കോൺഗ്രസ് അടക്കം പല പ്രതിപക്ഷ പാർട്ടികൾക്കും ഇല്ലാതെ പോകുന്നതും കുറ്റമറ്റ ഇത്തരം പാർട്ടി സംവിധാനമാണ്.
പ്രതിപക്ഷ പാർട്ടികൾ പരസ്പരം മത്സരിക്കുന്നതാണ് ബി.ജെ.പിക്ക് മിക്ക സംസ്ഥാനങ്ങളിലും ഗുണകരമാകുന്നത്. ഗുജറാത്തിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആം ആദ്മി പാർട്ടി പിടിച്ച വോട്ടുകളാണ്. 13 ശതമാനത്തിലേറെ വോട്ടുകൾ ആം ആദ്മിക്ക് ഗുജറാത്തിൽ നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ ബഹുഭൂരിഭാഗവും കോൺഗ്രസിന് കിട്ടേണ്ടിയിരുന്ന വോട്ടുകളാണ്. ബി.ജെ.പിയുടെ വോട്ടുകളിൽ അവർക്ക് വലിയ തോതിൽ കടന്നു കയറാനായിട്ടില്ലെന്ന് ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലെ ഫലം സൂചിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികൾ ചേരിതിരിഞ്ഞ് മത്സരിക്കുന്നതാണ് ബി.ജെ.പിയുടെ വിജയം മിക്ക സംസ്ഥാനങ്ങളിലും അനായാസമാക്കുന്നത്.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾ വിശാല സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കൃത്യമായ അജണ്ട രൂപീകരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന ചിന്തയിൽ ഒറ്റക്കൊറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ഗുജറാത്തിലേതിന് സമാനമായ വലിയ വിജയമായിരിക്കും ബി.ജെ.പി നേടുക. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ സൂചനയല്ലെന്നത് ശരി തന്നെ, എങ്കിൽ കൂടി പല രീതിയിലും അതൊരു മുന്നറിയിപ്പായി പ്രതിപക്ഷ കക്ഷികൾ കാണേണ്ടതുണ്ട്. വർഗീയതയുടെ വേരുകൾ എത്രത്തോളം ആഴത്തിൽ ഉറച്ചു കഴിഞ്ഞിട്ടുണ്ടെന്നതിന്റെ വിലയിരുത്തൽ മാത്രമല്ല, ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ പൊതുശത്രുവിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ എങ്ങനെയൊക്കെ തയാറെടുക്കണമെന്നതിന്റെ കൂടി മുന്നറിയിപ്പാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം.






