മക്ക - അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഇത്രയും ഉംറ വിസകള്‍ അനുവദിച്ചത്. തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ അവര്‍ക്ക് നല്‍കാനും ഹജ്, ഉംറ മന്ത്രാലയവും ബന്ധപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളും പരസ്പരം സഹകരിച്ചും ഏകോപനത്തോടെയും നിരന്തര ശ്രമങ്ങള്‍ നടത്തുന്നു.
ഉംറ വിസ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിദേശ തീര്‍ഥാടകര്‍ക്ക് അറിയാന്‍ സാധിക്കും. നുസുക്, മഖാം പ്ലാറ്റ്‌ഫോമുകള്‍ വഴി ഉംറ പാക്കേജുകള്‍ വാങ്ങാനും ഇവക്കുള്ള പണമടക്കാനും സാധിക്കും. ടൂറിസ്റ്റ്, സന്ദര്‍ശന, വ്യക്തിഗത വിസകള്‍ അടക്കം എല്ലായിനം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്ന മുസ്‌ലിംകള്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി ബുക്ക് പെയ്ത് പെര്‍മിറ്റുകള്‍ നേടി ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും സാധിക്കും. ഉംറ വിസാ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിലെ മുഴുവന്‍ കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും വഴി ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനും സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.