Sorry, you need to enable JavaScript to visit this website.

രാജ്യസഭയിൽ ജാഗ്രതക്കുറവുണ്ടായി; സി.പി.എമ്മിന്റെ ലീഗ് സർട്ടിഫിക്കറ്റ് കോൺഗ്രസിനും അവകാശപ്പെട്ടത് -കെ.സി

ന്യൂദൽഹി - ഏകീകൃത സിവിൽകോഡിനുള്ള ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലീഗിന്റെ ആശങ്ക സ്വാഭാവികമാണെന്നും ബില്ലിനെതിരായ ശക്തമായ എതിർപ്പ് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
 മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല, ജനാധിപത്യ പാർട്ടിയാണെന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ പ്രസ്താവന കോൺഗ്രസിനു കൂടിയുള്ള ഗുഡ് സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ നിലപാട് അവസരവാദപരമാണ്. കോൺഗ്രസും ലീഗും വർഗീയത പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഇതുവരെ അവരുടെ പ്രചാരണമെന്നും കെ.സി ചൂണ്ടിക്കാട്ടി. 
 രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ രാജ്യസഭയിൽ ബി.ജെ.പി അവതരിപ്പിച്ചപ്പോൾ നല്ലൊരു ശതമാനം കോൺഗ്രസ് അംഗങ്ങളും സഭയിൽ ഇല്ലാത്തത് മുസ്‌ലിം ലീഗിലെ പി.വി അബ്ദുൽവഹാബ് എം.പി ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ബില്ലിന് അവതരണാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പി ജെബി മേത്തറടക്കം പ്രതിപക്ഷ പാർട്ടി അംഗങ്ങളോടൊപ്പം രംഗത്തുവന്നു. സ്പീക്കർ ബില്ല് വോട്ടിനിട്ടപ്പോൾ 63 പേർ അനുകൂലിച്ചപ്പോൾ എതിർക്കാൻ 23 പേരെ ഉണ്ടായിരുന്നുള്ളൂ. സഭയിൽ ഉണ്ടാകേണ്ട പല കോൺഗ്രസ് അംഗങ്ങളും നിർണായകമായ വോട്ടെടുപ്പ് വേളയിൽ ഇല്ലാത്തതിനെതിരെ വിമർശം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് അംഗങ്ങൾക്ക് ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വം വ്യക്തമാക്കിയത്.
 

Latest News