കോഴിക്കോട് - യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച 15 വയസ്സുകാരന് കിട്ടിയത് എട്ടിന്റെ പണി. ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ ഫറോക്ക് സ്വദേശിയുടെ രക്ഷകരായി അഗ്‌നിരക്ഷാസേന.
മോതിരം കുടുങ്ങിയതോടെ ലിംഗം വീർത്ത് വേദനകൊണ്ട് പുളഞ്ഞ കൗമാരക്കാരനെ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ലിംഗത്തിലെ മോതിരം എടുക്കാൻ ഡോക്ടർമാർ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ പ്രത്യേക ഫ്ളക്‌സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടക്കുകയായിരുന്നു. ഗ്രേഡർ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോൾ ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു. അതി സൂഷ്മതയോടെ ഏറെ പണിപ്പെട്ടാണ് അഗ്‌നിശമന സേനാംഗങ്ങളും ഡോക്ടർമാരും രക്ഷാപ്രവർത്തനം നടത്തിയത്. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ചതാണെന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ജീവാപായം സംഭവിക്കാതെ കുട്ടിയെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ഡോക്ടർമാരും ഫയർ ഫോഴ്‌സും. നന്ദി പറഞ്ഞ് കുട്ടിയെയുമായി രക്ഷിതാക്കൾ വീട്ടിലേക്ക് മടങ്ങി.