Sorry, you need to enable JavaScript to visit this website.

പൊന്നുമോൾ റസിയ കൂടുതൽ നേരവും ആകാശത്ത്; എം 80 മൂസയിലെ അഞ്ജുവിന്റെ നേട്ടം പറഞ്ഞ് വിനോദ് കോവൂർ

കോഴിക്കോട് - നടൻ വിനോദ് കോവൂരും നടി സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി മീഡിയാ വൺ ചാനലിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച പരിപാടിയാണ് എം 80 മൂസ. പ്രസ്തുത ഷോയിൽ റസിയ എന്ന പേരിൽ തന്റെ മകളായി അഭിനയിച്ച നടി അഞ്ജുവിന്റെ നേട്ടം പറയുകയാണ് നടൻ വിനോദ് കോവൂർ. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് അവളെ കണ്ടതുമായി ബന്ധപ്പെട്ടാണ് നടൻ വിനോദ് കോവൂർ എഫ്.ബിയിൽ കുറിപ്പ് പങ്കുവെച്ചത്.
 ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ, കൂടുതൽ നേരവും അവൾ ആകാശത്താണെന്നും വിനോദ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
വലിയ ഒരു ഇടവേളക്ക് ശേഷം എം 80 മൂസയിലെ എന്റെ മകൾ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ. കൂടുതൽ നേരവും ആകാശത്താണ.് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു. എം 80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസ്മാരെ കണ്ടപ്പോ ഓൾക്കും മനസിൽ ഒരാഗ്രഹം ഉദിച്ചു എയർഹോസ്റ്റസ് ആകണമെന്ന്.
 എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന്. ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായ് അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ്, അഭിമാനമാണ്. എയർ ഹോസ്റ്റസ് ആയിട്ടും കലയെ മോൾ ഉപേക്ഷിച്ചില്ല ട്ടോ.
 റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നിൽക്കുകയാണ്. ജനുവരിയിൽ റിലീസ് ഉണ്ട്. ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിംഗ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കും, പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു: 14ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട്, എന്നിട്ട് 17ന് തിരിച്ചും. ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു. തിരിച്ചുവരുന്ന ഫ്‌ളൈറ്റിൽ മിക്കവാറും അവൾ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന്.
ആകാശത്ത് വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ. മൂസക്കായിന്റെ പൊന്നുമോൾ റസിയ.
 

Latest News