Sorry, you need to enable JavaScript to visit this website.

വ്യാജ ഉൽപന്നങ്ങളുടെ വിൽപന:  സൗദിയിൽ മലയാളിക്ക് ശിക്ഷ

റിയാദ് - അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വിൽപന നടത്തിയ കേസിൽ മലയാളി ഉൾപ്പെടെ മൂന്നു പേരെ റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. സ്‌പെയർപാർട്‌സ് മൊത്ത വ്യാപാര മേഖല സ്ഥാപനത്തിന്റെ ഉടമയായ സൗദി പൗരൻ, പാർട്ണറായ സഹോദരൻ, സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മലയാളി ബദ്‌റുദ്ദീൻ പുളിക്കത്തൊടി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 
സ്‌പെയർപാർട്‌സ് ഇറക്കുമതി, മൊത്ത വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സുഹൈർ ബിൻ അബ്ദുല്ല മഹ്ദി ആലുറബഹ് ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഉടമ സുഹൈർ ബിൻ അബ്ദുല്ല മഹ്ദി ആലുറബഹ്, സഹോദരൻ മുഹമ്മദ്, ബദ്‌റുദ്ദീൻ പുളിക്കത്തൊടി എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർക്ക് ഒന്നര ലക്ഷം റിയാൽ പിഴ വിധിച്ചു. വ്യാജ ഉൽപന്നങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമലംഘനവും അതിനുള്ള ശിക്ഷയും നിയമലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. ഇവരുടെ സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യാജ സ്‌പെയർപാർട്‌സിന്റെ വൻ ശേഖരം കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷം നിയമ നടപടികൾ സ്വീകരിക്കുന്നതിന് ഇവർക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

 

Latest News