Sorry, you need to enable JavaScript to visit this website.

ലീഗിനെ ദഹിക്കാത്ത ഒരേയൊരു പാർട്ടി ബി.ജെ.പി മാത്രമെന്ന് പി.എം.എ സലാം; ലൈക്കടിച്ച് രാഹുൽ ഈശ്വർ

- യു.സി രാമന് മാത്രമല്ല, ആയിരം രാമൻമാർക്ക് ലീഗിൽ അംഗത്വമുണ്ടെന്നും കെ സുരേന്ദ്രന് മറുപടിയായി മുസ്‌ലിം ലീഗ് നേതാവ്
കോഴിക്കോട് - മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ബി.ജെ.പിയിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട്  ലീഗിനില്ലെന്ന് പി.എം.എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
 മുസ്‌ലിംകൾക്ക് മാത്രം അംഗത്വം നല്കുന്ന പാർട്ടിയാണ് ലീഗ് എന്നും യു.സി രാമന് പോലും അംഗത്വമില്ലെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് യു.സി രാമന് മാത്രമല്ല ആയിരം രാമന്മാർക്ക് ഞങ്ങൾ ഇത്തവണയും അംഗത്വം നല്കിയിട്ടുണ്ടെന്നും അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങൾക്കില്ലെന്നുമാണ് ലീഗ് നേതാവിന്റെ മറുപിടി. ഈ ഫേസ്ബുക്ക് പോസ്റ്റിന് സംഘപരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ ലൈക്കടിച്ചിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപം:
 ലീഗ് വർഗീയ പാർട്ടിയാണോ അല്ലയോ എന്ന ചർച്ച ഒരിക്കൽ കൂടി അരങ്ങിലെത്തുമ്പോൾ കേരളത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹ്യ മണ്ഢലത്തെ ഇഴകീറി പരിശോധിക്കുന്ന ആർക്കും മുസ്‌ലിം ലീഗ് ഏതെങ്കിലും ഘട്ടത്തിൽ വർഗീയ നിലപാടുകൾ സ്വീകരിച്ചതായി കാണാൻ സാധിക്കില്ല എന്നത് പരമമായ യാഥാർത്ഥ്യമാണ്.
 ലീഗിന്റെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾക്ക് സി.പി.എം അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നല്കിയ പുതിയ സാഹചര്യത്തിൽ ഇത് തീരേ ദഹിക്കാത്ത ഒരു പാർട്ടിയായി കേരളത്തിൽ അവശേഷിക്കുന്നത് ബി.ജെ.പി മാത്രമാണ്.
'രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയത ഉളള പാർട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിംകൾക്കു മാത്രം അംഗത്വം നല്കുന്ന പാർട്ടിയാണ്, യു.സി രാമന് പോലും ലീഗിൽ അംഗത്വമില്ല'' ഇങ്ങനെ പോകുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലീഗിനെതിരെയുളള പുതിയ ആരോപണങ്ങൾ.
'പാകിസ്ഥാനിലേക്കല്ല, നമുക്ക് ഇന്ത്യയെന്ന ബഹുസ്വരതയിൽ അലിഞ്ഞ് ചേരാമെന്ന്' ആഹ്വാനം ചെയ്ത ഖാഇദെ മില്ലത്തിന്റെ പിറകിൽ അണി നിരന്ന് അന്ന് മുതൽ ഇന്ന് വരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്‌ലിം ലീഗ് എന്ന് ബി.ജെ.പി നേതാക്കൾക്ക് അറിയാഞ്ഞിട്ടല്ല.
 മുസ്‌ലിം ലീഗിനെതിരിൽ വർഗീയത ആരോപിക്കുന്ന ബി.ജെ.പി പ്രസിഡന്റിനോട് ഒന്നേ പറയാനുളളൂ.. നിങ്ങളിൽനിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിംലീഗിനില്ല. പിന്നെ യു.സി രാമന്റെ മെമ്പർഷിപ്പിന്റെ കാര്യം, ഒരു യു.സി രാമന് മാത്രമല്ല ആയിരം രാമന്മാർക്ക് ഞങ്ങൾ ഇത്തവണയും അംഗത്വം നല്കിയിട്ടുണ്ട്, ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ മുസ്ലീം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേർന്ന് നില്ക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങൾക്കില്ല.

Latest News