ട്രെയിന്‍ നഷ്ടമായി, പട്ടിണിയില്‍ 300 കിമീ. നടന്ന് അനില്‍ വീട്ടിലെത്തി

പത്തനംതിട്ട- കാണാതായ ട്രെയിന്‍ യാത്രക്കാരന്‍ 300 കി.മീ നടന്ന് വീട്ടിലെത്തി. തിരുപ്പതിയില്‍നിന്നുള്ള യാത്രക്കിടെ ഡിണ്ടിഗലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റേഷനില്‍ ഇറങ്ങിയ പത്തനംതിട്ട മാത്തൂര്‍ സ്വദേശി അനില്‍ തിരികെ കയറുംമുന്‍പ് ട്രെയിന്‍ വിട്ടുപോവുകയായിരുന്നു. കഴിഞ്ഞമാസം മൂന്നിനാണു കാണാതായത്.

ആന്ധ്രപ്രദേശില്‍ സഹോദരിയുടെ മകളെ നഴ്‌സിംഗിനു ചേര്‍ത്ത് കുടുംബത്തോടൊപ്പം മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ഡിണ്ടിഗലില്‍ സ്‌റ്റേഷനില്‍ ഇറങ്ങിയശേഷം തിരിച്ചു കയറാന്‍ പറ്റിയില്ലെന്ന് അനില്‍ പറയുന്നു. ചെങ്ങന്നൂരില്‍ എത്തിയശേഷമാണ് അനില്‍ കൂടെയില്ലെന്നു കുടുംബം അറിഞ്ഞത്. തുടര്‍ന്ന് ഇലവുംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അനിലിന് മൊബൈല്‍ ഫോണില്ല, ആരുടെ നമ്പരും കാണാതെ അറിയില്ല.

ഒരു പോലീസുകാരന്‍ 200 രൂപ നല്‍കി. കുറച്ചു ദൂരം സഞ്ചരിക്കാന്‍ വാഹനവും ഏര്‍പ്പാടു ചെയ്തു. പിന്നെ ആരോടും പണം ചോദിക്കാന്‍ തോന്നിയില്ല. അടയാള ബോര്‍ഡുകള്‍ നോക്കി നടന്നു തുടങ്ങി. ഇടക്ക് 40 കിലോമീറ്ററോളം വഴി തെറ്റി. 300 കിലോമീറ്ററോളം നടന്നു. പട്ടിണിയാണെങ്കിലും എങ്ങനെയും വീട്ടിലെത്തണമെന്ന ചിന്ത മാത്രമാണ് നയിച്ചത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തിയാണു ഭക്ഷണം കഴിച്ചത്. നടന്ന് ആറന്മുളയെത്തിയപ്പോള്‍ കണ്ട അയല്‍ക്കാരന്‍ ഇലവുംതിട്ട സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനിലിനെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

 

Latest News