Sorry, you need to enable JavaScript to visit this website.

ഈ വാർത്തകൾ വിയ്യൂർ ജയിലിൽ നിന്നും...

  • സംസ്ഥാനത്ത് ആദ്യമായി ജയിലിൽനിന്ന് റേഡിയോ പ്രക്ഷേപണം

തൃശൂർ - വിയ്യൂർ ജയിലിൽ  ഫ്രീഡം മെലഡി റേഡിയോ എന്ന പേരിൽ സ്വന്തമായി  റേഡിയോ പ്രക്ഷേപണം  ആരംഭിച്ചു. ഇതിൽ നിന്നും എന്നും വൈകീട്ട് ഒരു മണിക്കൂറാണ് റേഡിയോ പ്രക്ഷേപണമുണ്ടാവുക. അന്തേവാസികൾ താമസിക്കുന്ന എല്ലാ ബാരക്കുകളിലും സ്ഥാപിച്ചിട്ടുള്ള സ്പീക്കറിൽ കൂടി റേഡിയോ പരിപാടികൾ കേൾക്കാം. സംസ്ഥാനത്താദ്യമായാണ് ഒരു ജയിലിൽ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. തടവുകാരുടെ സർഗശേഷിപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഈ റേഡിയോ നിലയം സഹായകമാകുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ. പല പുതിയ സംരംഭങ്ങളും തുടങ്ങി വിജയിപ്പിച്ച വിയ്യൂർ ജയിലിന്റെ സ്വന്തം റേഡിയോ നിലയം കേരളത്തിന് അഭിമാനമാവുകയാണ്. 

ഇഷ്ടഗാനങ്ങൾക്കുള്ള ശ്രുതിലയം, പ്രധാനപ്പെട്ട ജയിൽ വാർത്തകൾ, പ്രൈം ടൈം ന്യൂസ്, ക്രിമിനൽ നിയമങ്ങളെയും പ്രധാനപ്പെട്ട കോടതി  ഉത്തരവുകളെയും  സംബന്ധിച്ച നിയമബോധനം, ആരോഗ്യരംഗം, സിനിമ നിരൂപണത്തിനു വേണ്ടിയുള്ള സിനിടാക്കിസ് എന്നിവയും ഒരുക്കിയിട്ടുണ്ട് . റേഡിയോ ജോക്കികൾ   ജയിൽ അന്തേവാസികൾ മാത്രമാണ്.  എണ്ണൂറിൽപരം  അന്തേവാസികൾക്കും ജിവനക്കാർക്കും ജയിൽ റേഡിയോ ആസ്വദിക്കാൻ കഴിയും.   ജയിൽ ഗായകരുടെ നേതൃത്വത്തിലുള്ള  മ്യൂസിക് ബാന്റായ ഫ്രീഡം മെലഡിയാണ് റേഡിയോ  പരിപാടിയുടെ മുഖ്യ സൂത്രധാരൻമാർ.  ഫ്രീഡം മെലഡി എഫ്.എം റേഡിയോയുടെ സ്വിച്ച് ഓൺ  കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. 
സെൻട്രൽ പ്രിസൺ ആൻഡ് കറക്കഷണൽ ഹോം വിയ്യൂരും സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെയും  ആഭിമുഖ്യത്തിൽ അന്തേവാസികൾക്കായുളള സംയുക്ത തൊഴിൽ പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിച്ചു. നാഷണൽ സ്‌കിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ 15 പേർക്കാണ് പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകിയത്. അഡ്വാൻസ് ഡിപ്ലോമ ഇൻ ഒപ്റ്റിക് ഫൈബർ ആൻഡ് സി സി ടി വി സർവെയ്‌സ് ലൻസ് എന്ന വിഷയത്തിൽ ഓൺലൈനായാണ് കോഴ്‌സ് പൂർത്തിയാക്കിയത്. കാലഹരണപ്പെട്ട കോഴ്‌സുകൾ നിർത്തി തൊഴിൽ സാധ്യതയുളള കോഴ്‌സുകൾ പൂർത്തീകരിച്ചതിന് 1.5 ലക്ഷം രൂപ ചെലവഴിച്ചു. 2017-18 സാമ്പത്തിക വർഷം തൊഴിൽ പരിശീലനത്തിന് 13 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത് എന്നും മന്ത്രി അറിയിച്ചു. 60 സെന്റ് സ്ഥലത്ത് കരനെൽ കൃഷിക്ക് മന്ത്രി വിത്തു വിതച്ചു. ജയിലിൽ പുതുതായി ഉൽപ്പാദിപ്പിക്കുന്ന സോപ്പ് പൗഡർ, ഹാന്റ് വാഷ്, ഡിഷ് വാഷ്, ചിക്കൻ ഫ്രൈ എന്നിവ മന്ത്രി പുറത്തിറക്കി. 
തടിയിലുളള കളിപ്പാട്ടങ്ങളും ചിരട്ടയിലുളള കൗതുക വസ്തുക്കളും ജയിലിൽ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച സൂപ്രണ്ട് എം കെ വിനോദ് കുമാർ പറഞ്ഞു. സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഡയറക്ടർ ഡോ. എൻ ബി സുരേഷ് കുമാർ, ജയിൽ അഡൈ്വസറി ബോർഡ് അംഗം പ്രദീപ് കുമാർ, ജെ എസ് എസ് ഡയറക്ടർ സുധ, വെൽഫെയർ ഓഫീസർമാരായ ഒ ജെ തോമസ്, സജി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.

 

Latest News