Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക്  മുജാഹിദ് ബാലുശ്ശേരി ക്ഷമ ചോദിച്ചു

കോഴിക്കോട്- സ്ത്രീകളെ കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്ക് പ്രശസ്ത മുജാഹിദ് പണ്ഡിതന്‍ മുജാഹിദ് ബാലുശ്ശേരി ക്ഷമ ചോദിച്ചു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇസ്ലാമിക പ്രബോധകന്‍ എന്ന നിലയില്‍ തന്നില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം സമ്മതിച്ചത്. ജോലിക്കു പോകുന്ന എല്ലാ സ്ത്രീ പുരുഷന്മാരും അവിഹിത ബന്ധമുള്ളവരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. 
 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

പരമ കാരുണികനും കരുണാനിധിയുമായഅള്ളാഹുവിന്റെ നാമത്തില്‍.
മലയാളികളോട്  സ്‌നേഹപൂര്‍വ്വം
സഹോദരങ്ങളേ
ഞാന്‍ മുജാഹിദ് ബാലുശ്ശേരി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ചെയ്ത ഒരു പൊതു പ്രഭാഷണത്തിലെ  ചില പരാമര്‍ശങ്ങള്‍ ചൂടേറിയ
ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുന്നു.

തല്‍പര ലക്ഷ്യങ്ങളുള്ള ഒരു ഓണ്‍ലൈന്‍ ചാനലിലാണ് ആദ്യമായി ഈ പ്രഭാഷണത്തിലെ ചില
ഭാഗങ്ങള്‍ വാലും തലയും മുറിച്ച്  അവതരിപ്പിക്കപ്പെട്ടത് . യഥാര്‍ത്ഥത്തില്‍ സ്ത്രീസര്‍വ്വരാലും സമാദരിക്കപ്പെടുന്നതിനു വേണ്ടിയും ,അവള്‍ക്ക് സമ്പൂര്‍ണ്ണമായ സുരക്ഷിതത്വം ലഭിക്കുന്നതിന്നു വേണ്ടിയുമാണ് ഞാന്‍ പ്രഭാഷണം നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രത്യേകമായ ഒരു പാശ്ചത്തലത്തില്‍  നിര്‍വ്വഹിച്ച ആ പ്രഭാഷണത്തില്‍ ഞാനുപയോഗിച്ച ചിലപദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകന്‍ എന്ന നിലക്ക് എന്നില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും
അത് എനിക്ക് പറ്റിയ അബദ്ധമാണെന്നും ഇന്ന് ആ പ്രസംഗം വീണ്ടും കേള്‍ക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കുന്നു.

ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്തുകയും  മാപ്പ് പറയേണ്ടത് ജനങ്ങളോടാണെങ്കില്‍
അത് തുറന്നു പറയുകയും അല്ലാഹു വിനോട് പൊറുക്കലിനെ തേടുകയുമാണല്ലോഒരു യഥാര്‍ത്ഥ 
വിശ്വാസി ചെയ്യേണ്ടത്. സ്ത്രികള്‍ പൊതുവെ അഹങ്കാരികളാണെന്നും അതവരുടെ മുഖ 
മുദ്രയാണെന്നുമുള്ള എന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തോടുള്ള അനീതിയായി പോയെന്നും അത്
ശരിയല്ലെന്നും അത് അവരോട് ക്ഷമാപണം നടത്തേണ്ടതാണെന്നും
ഞാന്‍ മനസ്സിലാക്കുന്നു....
ഭാര്യയും ഭര്‍ത്താവും ജോലിക്കുപോവുന്ന വീടുകള്‍ ഡിസോഡര്‍ ആയിരിക്കുമെന്നും അവിടെയൊരു വൃത്തിയും ഉണ്ടാകില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം
ഞാന്‍ പറഞ്ഞ വാചകങ്ങള്‍ ക്ലിപ്പ് കട്ട് ചെയ്ത്
വിവാദമുണ്ടാക്കിയവരും സദുദ്ദേശ്യത്തോടെ ചര്‍ച്ചയില്‍ പങ്കെടുത്ത ചില സ്‌നേഹിതന്‍മാരും
ബോധപൂര്‍വ്വമോ അല്ലാതെയോ വിട്ടു കളഞ്ഞു!

ആ പ്രഭാഷണത്തിന്റെ തുടര്‍ച്ച ഇങ്ങനെയായിരുന്നു....
' എല്ലാവരുമല്ല, എല്ലാവരുമല്ല ' അഥവാ ഒറ്റപ്പെട്ട ഒരു സംഭവത്തെ സാമാന്യവല്‍ക്കരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലന്നര്‍ഥം. മനസ്സിന്റെ കോണിലൊരിടത്തും ഞാന്‍ വിചാരിച്ചിട്ടില്ലാത്ത 
ചിന്തിച്ചിട്ടില്ലാത്ത  ഒരാരോപണവും ഈ പ്രഭാഷണത്തിന്റെ പേരില്‍
ഞാന്‍ കേള്‍ക്കുകയുണ്ടായി...

ജോലിക്കു പോകുന്ന എല്ലാ സ്ത്രീ പുരുഷന്‍മാരും
അവിഹിത ബന്ധമുള്ളവരാണെന്ന് ഞാന്‍ പറഞ്ഞു
എന്നതായിരുന്നു ആ ആരോപണം...
ഞാനൊരിക്കലും അങ്ങനെ
പറഞ്ഞിട്ടില്ല,
' എല്ലാവരുമല്ല, എല്ലാവരുമല്ല
ഞാനുറപ്പിച്ചു പറയുന്നു '
എന്ന പരാമര്‍ശം ഇതിനും ബാധകമായിരുന്നു. പക്ഷേ എന്തോ
അത് പരിഗണിക്കപ്പെട്ടില്ല.....

എന്റെ പ്രഭാഷണത്തിലെ മുകളില്‍ സൂചിപ്പിച്ച പല പരാമര്‍ശങ്ങളും
ജോലിക്കു പോകുന്ന  സ്ത്രീ പുരുഷന്മാരെ വളരെയേറെ വേദനിപ്പിച്ചു
എന്ന് ഞാന്‍ മനസ്സിലാക്കുന്നു....ആയതിനാല്‍ ഞാന്‍ നിര്‍വ്യാജം
ഖേദിക്കുന്നു....മാപ്പ് ചോദിക്കുകയും ചെയ്യുന്നു.

പ്രിയ സഹോദരങ്ങളേ,,
ഈ വിവാദത്തിന്റെ പേരില്‍ എന്നെ തെറി കൊണ്ട് അഭിഷേകം ചെയ്തവരുമുണ്ട്...
അവരോട് എനിക്ക് വെറുപ്പില്ല.. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന
സ്രഷ്ടാവിലേക്ക് വിടുന്നു... ഒരു നാള്‍ നാം മരിക്കും ശേഷം നമ്മുടെ നാഥനെ
കണ്ടുമുട്ടും....അവിടുത്തെ രക്ഷയാണ് രക്ഷ.....അവിടുത്തെ 
ശിക്ഷയാണ് ശിക്ഷ....

സഹോദരങ്ങളേ,
എനിക്കും എന്നെ പൊലെയുള്ള
പ്രബോധകര്‍ക്കും അബദ്ധങ്ങള്‍
പറ്റാതെ മുന്നോട്ടു പോകാന്‍
സാധിക്കട്ടെയെന്ന് നിങ്ങള്‍
പ്രാര്‍ത്ഥിക്കുക...
അമൂല്യമാണ് സമയം
വ്യക്തിവിരോധം കൊണ്ടും
സംഘടനാ വിരോധം കൊണ്ടും
അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി ഈ സമയം പാഴാക്കരുത്......

നാഥാ
എന്റെ നന്മകള്‍ നീ സ്വീകരിക്കേണമേ..
എന്റെ അപരാധങ്ങള്‍ നീ
പൊറുത്തുതരേണമേ...

എല്ലാ നന്മകളും 
നേര്‍ന്നു കൊണ്ട്.....
- മുജാഹിദ് ബാലുശ്ശേരി
 

Latest News