മുംബൈ- മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കലാപ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ മുംബൈയില്‍ പിടിയിലായി. 1992 ലെ കലാപവുമായി ബന്ധപ്പെട്ട് തിരയുന്ന 47 കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലാഡിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ദിന്‍ദോഷി ബസ് ഡിപ്പോയില്‍ നിന്നാണ് ഇയാളെ പിടികൂടിയതായത്. സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു.
1992ല്‍ ദിന്‍ദോഷി പോലീസിന്റെ അധികാരപരിധിയില്‍ നടന്ന കലാപക്കേസിലെ പ്രതിയാണ് അറസ്റ്റിലായതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഒമ്പത് പ്രതികളെയാണ് പോലീസ് പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പ്രതികളെ വെറുതെവിട്ടു, ഒരാള്‍ മരിച്ചു- ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്കിയുള്ള ആറ് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. 2004 ല്‍ ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.
പിടിയിലായ പ്രതി കഴിഞ്ഞ 18 വര്‍ഷമായി ആള്‍മാറാട്ടം നടത്തി നഗരപ്രാന്തങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നുവെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.






