Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലീഗിന് പ്രശംസയും വിമർശവും; സുധാകരനും സതീശനും കൊട്ട്, തരൂരിനെ ഉപയോഗപ്പെടുത്തണമെന്നും രാഷ്ട്രീയകാര്യ സമിതി

കൊച്ചി - ആർ.എസ്.എസ് അനുകൂല പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും ഗവർണറെ നീക്കാനുള്ള സർക്കാർ നീക്കത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിലും വിമർശവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം. സി.പി.എം സെക്രട്ടറിയുടെ പ്രസ്താവനയിൽ മാന്യമായ മറുപടി നൽകിയ മുസ്‌ലിം ലീഗ് നേതൃത്വത്തെ അഭിനന്ദിച്ച യോഗത്തിൽ ചാൻസലർ പ്രശ്‌നത്തിലെ ലീഗ് നിലപാട് മുന്നണിയ്ക്ക് ക്ഷീണമായെന്നും വിലയിരുത്തലുണ്ടായി.
 ആർ.എസ്.എസിന് വക്കാലത്തു പറഞ്ഞുള്ള സുധാകരന്റെ പ്രസ്താവന പാർട്ടിക്ക് വൻ അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നെഹ്‌റുവിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ പറഞ്ഞു.
 എന്നാൽ, സംഘടനാ കോൺഗ്രസിൽ പ്രവർത്തിച്ച കാലത്തെ കാര്യങ്ങൾ പറയുകയായിരുന്നുവെന്നും വീഴ്ചയും വിമർശവും ഉൾക്കൊള്ളുമെന്നും കെ സുധാകരൻ യോഗത്തിൽ വിശദീകരിച്ചു. 
 ശശി തരൂർ വിവാദത്തിലും ഗവർണറെ നീക്കാനുള്ള സർക്കാർ നീക്കത്തിന് കൈയടിച്ചതിലുമായിരുന്നു വി.ഡി സതീശന് വിമർശമുണ്ടായത്. തരൂരിനെ കൂടി ഉൾക്കൊണ്ടും അദ്ദേഹത്തിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തിയും വേണം മുന്നോട്ടു പോകാനെന്ന് എ ഗ്രൂപ്പും കെ മുരളീധരനും ചുണ്ടിക്കാട്ടി. തരൂരിനെ കൂടുതൽ വിമർശിച്ച് പ്രശ്‌നം വഷളാക്കേണ്ടെന്നും യോഗത്തിൽ ധാരണയായി.  
ഗവർണർ-സർക്കാർ പോരിൽ തുടക്കം മുതലേ പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാട് വളരെ കൃത്യമായിരുന്നുവെങ്കിലും അവസാനനിമിഷം, ഗവർണറെ നീക്കാനുള്ള സർക്കാർ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നായിരുന്നു വിമർശം. മുസ്‌ലിം ലീഗിനു വേണ്ടി ഗവർണർ-സർക്കാർ പോരിൽ നിലപാട് മാറ്റിയതിൽ പലരും കടുത്ത നീരസവും രേഖപ്പെടുത്തി.
 എന്നാൽ, പാർട്ടി നേരത്തെ എടുത്ത നിലപാട് തന്നെയാണ് ശരിയെങ്കിലും ഘടകക്ഷികൾക്കു കൂടി സ്വീകാര്യമായ നിലപാട് സ്വീകരിച്ച് മുന്നണിയിൽ അപസ്വരം ഇല്ലാതാക്കാനുള്ള ധാരണയുടെ പുറത്താണ് അത്തരമൊരു രൂപത്തിലേക്ക് സഭയിൽ കാര്യങ്ങൾ നീക്കാൻ നിർബന്ധിതനായതെന്ന് പ്രതിപക്ഷ നേതാവ് യോഗത്തെ അറിയിച്ചു. വിശദീകരണം ശരിയാണെങ്കിലും പ്രശ്‌നത്തിൽ മുഖ്യമന്ത്രിയെയും ഗവർണറെയും ഒരുപോലെ എതിർക്കണമെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ഗവർണർക്കെതിരായ നിലപാടിൽ വ്യക്തത വേണമെന്നും രാഷ്ട്രീയകാര്യസമിതി നിർദേശിച്ചു. അപ്പോഴും ചാൻസലർ വിഷയത്തിലെ ലീഗ് നിലപാടിലെ വിലങ്ങ് വീണ്ടും ചർച്ചയായി. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനു നേരെയും വിമർശമുയർന്നു. കുര്യൻ തന്റെ പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് ശരിയായില്ലെന്നായിരുന്നു വിമർശം.    
 അതിനിടെ, സി.പി.എമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ മുസ്‌ലിം ലീഗിനെ രാഷ്ട്രീയകാര്യ സമിതി യോഗം അഭിനന്ദിച്ചു. ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും യു.ഡി.എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് ലീഗ് ആണെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങൾക്ക് ലീഗ് തക്ക മറുപടി നൽകി, യു.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയത് പ്രശംസയർഹിക്കുന്നുവെന്ന് നേതാക്കൾ വ്യക്തമാക്കി.

Latest News