അച്ഛന്റെ അവിഹിതബന്ധം അറിഞ്ഞു; മകനെ ക്രൂരമായി കൊലപ്പെടുത്തി

ഭോപ്പാല്‍- ബന്ധുവുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് 15 വയസ്സായ മകനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബറോത്ത പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 45 കാരനായ മോഹന്‍ലാലാണ് മകന്‍ ഹരി ഓമിന്റെ  ഇരു കൈകളും അറുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെയും ഇയാളുമായി ബന്ധമുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തതായും 15കാരന്റെ മുറിച്ച കൈകള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
35 കാരിയായ ബന്ധുവുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി 45 കാരനായ ഇയാള്‍ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു. തിങ്കളാഴ്ച ആണ്‍കുട്ടി ഇരുവരെയും കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. തന്റെ രഹസ്യ ബന്ധം പുറത്തുവരുമെന്ന് ഭയന്നാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അരിവാള്‍ ഉപയോഗിച്ച് കൈകള്‍ വെട്ടിമാറ്റിയ ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വെട്ടി മാറ്റിയ കൈകള്‍ പിന്നീട് 400 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ കുഴിയില്‍ വലിച്ചെറിയുകയും മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
പാടത്ത് വെള്ളം നനക്കാന്‍ പോയ കുട്ടി തിരിച്ചുവന്നില്ലെന്നാണ്  പിതാവ് പോലീസിനോട് പറഞ്ഞിരുന്നത്. അമ്മാവന്റെ വീട്ടില്‍ പോയിരിക്കാമെന്ന് കരുതിയതായും പറഞ്ഞു. വിശദമായ അന്വേഷണത്തിലാണ് പോലീസ് കേസിനു തുമ്പുണ്ടാക്കിയത്.

 

Latest News