നെടുമ്പാശ്ശേരി- എയര്‍ ഇന്ത്യയുടെ ദല്‍ഹി വിമാനം പന്ത്രണ്ട് മണിക്കൂര്‍ വൈകി. സ്ത്രീകളും കുട്ടികളും അടക്കമുള്ള 150 ല്‍ പരം യാത്രക്കാര്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ ഇരുന്ന് വലഞ്ഞു. എയര്‍ ഇന്ത്യയുടെ നിരുത്തരവാദനടപടിയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഇന്നലെ രാവിലെ 5.05 ന് പുറപ്പെട്ട് 8.35ന് ദല്‍ഹിയില്‍ എത്തേണ്ട വിമാനമാണ് വൈകിയത്. ഇതില്‍ പോകുവാന്‍ തലേ ദിവസം മുതല്‍ വിമാന ത്താവളത്തില്‍ വന്നവര്‍ ഉണ്ടായിരുന്നു. ദുബായില്‍ നിന്നു എത്തേണ്ട വിമാനം വൈകിയതാണ് പ്രശ്‌നമായതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. വൈകുന്നേരം 5.30തിന് ദുബായ് വിമാനം എത്തിയ ശേഷമാണ് ഈ യാത്രക്കാരെ കൊണ്ടുപോയത്. ആഭ്യന്തര യാത്രക്കാരായതിനാല്‍ ഇവര്‍ക്ക് താമസ സൗകര്യമോ ഭക്ഷണമോ നല്‍കിയില്ല. കുടിക്കാന്‍ വെള്ളംപോലും കൊടുത്തില്ലെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.






