കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗമാകെ താറുമാറായിക്കിടക്കുകയാണ്. പരീക്ഷകള്‍ സമയത്തിന് നടത്താനാവുന്നില്ല. ഫലപ്രഖ്യാപനം അനനന്തമായി വൈകുന്നു. ഓരോ വര്‍ഷവും മാര്‍ച്ചിനകം എസ്.എസ്.എല്‍.സി പരീക്ഷ മുടക്കമില്ലാതെ നടത്തി മെയ് മൂന്നാം വാരത്തില്‍ ഫലപ്രഖ്യാപനം നടത്തുന്ന സംവിധാനവും ഇവിടെയുണ്ട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്നിട്ട വാരത്തില്‍ കോഴിക്കോട്ട് ഒരു പ്രസിദ്ധീകരണത്തിന്റെ ചടങ്ങിനെത്തിയിരുന്നു. സുദീര്‍ഘമായ പ്രസംഗത്തില്‍ അദ്ദേഹം പല വിഷയങ്ങളും പ്രതിപാദിച്ചു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് കേരളത്തിലെ പുതിയ തലമുറയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ്. ഇന്ത്യയില്‍ തന്നെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഹൈസ്‌കൂള്‍, പ്ലസ് ടു തലം വരെ വിദ്യാസമ്പന്നരുടെ സ്വന്തം നാടായ കേരളം മുന്നില്‍ തന്നെ. ആവശ്യത്തിന് സ്‌കൂളുകളില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയും ഇവിടെ പഠിക്കാനാവാത്ത അവസ്ഥ നേരിടുന്നില്ല. എന്നാല്‍ ഹയര്‍ സെക്കണ്ടറി കഴിഞ്ഞാലുള്ള കാര്യം പരിതാപകരമാണ്. ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടത് ദല്‍ഹിയില്‍ വെച്ച് അടുത്തിടെ ഏതാനും മലയാളി വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തിയപ്പോഴാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ദല്‍ഹിയിലെ തലയെടുപ്പുള്ള സര്‍വകലാശാലകളായ ജെ.എന്‍.യുവിലും ജാമിഅ മില്ലിയയിലും ഏറെ അകലെയല്ലാത്ത അലീഗഢിലും കേരളത്തില്‍ നിന്നുള്ള ധാരാളം കുട്ടികള്‍ ഉപരിപഠനത്തിനെത്തുന്നു. ഇത്രയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തില്‍ നിന്ന് നിങ്ങള്‍ ഉപരിപഠനത്തിന് ദല്‍ഹി തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് തിരക്കിയപ്പോള്‍ പല ഘടകങ്ങളും അവര്‍ വിശദീകരിച്ചു. പ്രധാന കാരണമായി മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞ കാരണമാണ് ഏറ്റവും ശ്രദ്ധേയം. കേരളത്തിന് പുറത്താണെങ്കില്‍ മൂന്നോ, നാലോ വര്‍ഷത്തെ ബിരുദ പഠനം നിശ്ചിത കാലയളവില്‍ തന്നെ തീര്‍ക്കാനാവുമെന്ന് ഉറപ്പിച്ചു പറയാനാവും. എന്നാല്‍ കേരളത്തിലാണ് ഡിഗ്രി പഠിക്കുന്നതെങ്കില്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വെറുതെ പാഴാവും. അതായത് മൂന്ന് വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കാന്‍ നാലും നാലര വര്‍ഷവും വേണ്ടിവരുമെന്ന് സാരം. ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട ഒന്നര വര്‍ഷം എന്തിനാണ് വെറുതെ കളയുന്നതെന്നോര്‍ത്താണ് ദല്‍ഹിയില്‍ പഠിക്കാനെത്തിയതെന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞത് എല്ലാവരും ഗൗരവത്തിലെടുക്കണമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രഭാഷണം തുടര്‍ന്നത്. കേരള സര്‍ക്കാരുമായി സൗഹൃദത്തിലായിരുന്ന ഗവര്‍ണര്‍ തമ്മിലകന്നതിന്റെ കാരണവും വിശദീകരിക്കുകയുണ്ടായി. എല്ലാവര്‍ക്കുമറിയുന്നത് പോലെ കണ്ണൂരിലെ ബന്ധു നിയമനമാണ് പ്രശ്‌നമായത്. വിവാദങ്ങള്‍ ആളിക്കത്തിയപ്പോള്‍ യു.പിക്കാരനായ ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് നീതിപീഠങ്ങളും വിലയിരുത്തുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിഭാഗവും അത് ശരിവെക്കുന്നുമുണ്ട്.
കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ പറഞ്ഞതിലും മോശമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. ഇത് ഇനിയും വഷളാവാനാണ് സാധ്യത. സര്‍വകലാശാലകളിലെ രാഷ്ട്രീയ ബന്ധു നിയമന വിവാദങ്ങള്‍ തകര്‍ത്തത് ഒരു തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ്. സ്വന്തം പദവി സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കേരളത്തിലെ സര്‍വകലാശാല മേധാവികളില്‍ പലരും. പരീക്ഷകളൊന്നും സമയത്ത് നടത്താനാവുന്നില്ല. സിലബസ് പൂര്‍ത്തിയാക്കാനാവാത്ത പ്രശ്‌നം വേറെയും. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ ഒരു സര്‍വകലാശാലയിലും സമയത്ത് തീരുന്നില്ല. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാനാവുന്നില്ല. ഇതു കാരണം കേരളത്തിന് പുറത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് സമയ നഷ്ടം. പ്രൊവിഷനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്ത്യക്ക് പുറത്ത് ജോലി ലഭിച്ചവര്‍ക്ക് ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാവാതെ വരുന്നതിനാല്‍ അവസരം നഷ്ടപ്പെടുന്നു. ഇരിപ്പിടത്തിന്റെ കാര്യത്തില്‍ ഉറപ്പില്ലാത്ത വി.സിമാര്‍ക്ക് രേഖകളില്‍ ഒപ്പിടാനൊന്നുമാവുന്നില്ല. സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ ഗവര്‍ണര്‍ക്കെതിരെ നിയമ പോരാട്ടം ശക്തിപ്പെടുത്തുന്ന തിരക്കിലാണ് സര്‍വകലാശാല മേധാവികള്‍. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടാനും ആളില്ലാത്ത സ്ഥിതി. സര്‍വകലാശാലകള്‍ നാഥനില്ലാ കളരിയായി.
ഇതിനിടക്ക് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ 9 വി.സിമാരോട് ഈ മാസം 12 ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍. വി.സിമാര്‍ക്ക് നേരിട്ട് ഹാജരാകാം, അല്ലെങ്കില്‍ അഭിഭാഷകരെ ചുമതലപ്പെടുത്താം. 12 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്താനാണ് നോട്ടീസ്. യു.ജി.സി മാര്‍ഗനിര്‍ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വി.സിമാര്‍ക്ക് തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിന് അവസാനിച്ചിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെയുളള നീക്കം കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ചാന്‍സലര്‍ പദവി റദ്ദാക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം.
സംസ്ഥാനത്ത് നിയമ സര്‍വകലാശാല ഒഴികെയുളള എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. സര്‍വകലാശാലകളിലെ വി.സി നിയമനങ്ങള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സിനുളള നീക്കം. മന്ത്രിമാരെ അല്ലെങ്കില്‍ അക്കാദമിക് രംഗത്ത് വിദഗ്ധരെ ചാന്‍സലര്‍ സ്ഥാനത്തേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുളള നീക്കത്തെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗവര്‍ണറെ മാറ്റിയാല്‍ സര്‍വകലാശാലകളില്‍ നടക്കുക സി.പി.എം നിയമനങ്ങള്‍ ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്.
അക്കാദമിക് മികവ് കൊണ്ട് പേരെടുത്ത ഒരു സര്‍വകലാശാലയും കേരളത്തിലിപ്പോഴില്ലെന്നതാണ് വസ്തുത. കണ്ണൂര്‍ നിലവില്‍ വരുന്നതിന് മുമ്പ് വിസ്തൃതമായ അധികാര പരിധി കാലിക്കറ്റിനുണ്ടായിരുന്നു. 90 കളില്‍ ചരിത്ര പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷകനുമായ അന്തരിച്ച ഡോ. എ.എന്‍.പി. ഉമ്മര്‍ കുട്ടിയായിരുന്നു കാലിക്കറ്റിന്റെ വി.സി. ഈ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടറായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസ് ദേശീയ പാതയോരത്താണ്. ധാരാളം കെട്ടിടങ്ങള്‍ സര്‍വകലാശാലയുടേതായിട്ടുണ്ട്. ഇതില്‍ പലതും ഇടത്-വലത് ട്രേഡ് യൂനിയന്‍ ഓഫീസുകളായിരുന്നു. ഇരിപ്പിടങ്ങളില്‍ ഉദ്യോഗസ്ഥരെ കണ്ടുകിട്ടുക പ്രയാസം. ഓഫീസിലെത്തി ഒപ്പിട്ടു മുങ്ങുന്ന ഇവര്‍ വിനോദത്തിനായി സംഘടന ഓഫീസുകളിലെത്തും. ചാലക്കുടിയില്‍ നിന്നും കാസര്‍കോട്ടു നിന്നുമെത്തുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നും നടക്കാതെ ദിവസങ്ങള്‍ പാഴാക്കി തിരിച്ചുപോകുന്ന അവസ്ഥ. ഇതിന് പരിഹാരമുണ്ടാക്കാന്‍ ഡോ. എ.എന്‍.പി ഒരു പിരഷ്‌കാരം നടപ്പാക്കി. ഉദ്യോഗസ്ഥര്‍ രാവിലെയും ഉച്ചക്കും വൈകുന്നേരവും പഞ്ച് ചെയ്യണം. എങ്കിലേ ഹാജര്‍ രേഖപ്പെടുത്തുകയുള്ളൂ. വി.സിയുടെ പരിഷ്‌കാരം സ്വാഭാവികമായും സുഖിയന്മാരെ പ്രകോപിപ്പിച്ചു. അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ സമരങ്ങള്‍ക്കാണ് കാമ്പസ് സാക്ഷിയായത്. പരിഷ്‌കാരത്തിന് അധികം ആയുസ്സുണ്ടായില്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി അടുത്തിടെ നോര്‍വേ സന്ദര്‍ശിച്ചിരുന്നു. തിരികെ എത്തിയ അദ്ദേഹം പറഞ്ഞത് നോര്‍വേയില്‍ സൈക്കിളിനും റോഡ് വാഹനങ്ങള്‍ക്കും പ്രത്യേക റോഡുകളുണ്ടെന്നതാണ്. ഇത് ഔട്ട് ഓഫ് സിലബസല്ലേ എന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ല.
കേരളത്തിലെ സര്‍വകലാശാലകളിലെ സിലബസ് ലോക നിലവാരത്തില്‍ പരിഷ്‌കരിച്ച് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ പരിപാടിയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍വകലാശാലകളുടെ പഴഞ്ചന്‍ സിലബസും നിലവാരത്തകര്‍ച്ചയും പരീക്ഷകളുടെ അനിശ്ചിതാവസ്ഥകളും ചേര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇതിനിടയിലാണ് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഫിന്‍ലന്‍ഡുമായി കൈകോര്‍ക്കുന്നത്. കേരളവും ഫിന്‍ലന്‍ഡും തമ്മിലുള്ള സാമൂഹ്യ - സാംസ്‌കാരിക അന്തരങ്ങള്‍ പരിഗണിക്കാതെയാണിത്. കേരളത്തിന്റെ ജനസംഖ്യയുടെ ഏഴിലൊന്നു മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. ശിശുമരണ നിരക്ക് ഏറ്റവും കുറവ്. എല്ലായിടത്തും സൗജന്യ വൈഫൈ. ഫിന്‍ലന്‍ഡില്‍ ഏറ്റവുമധികം ശമ്പളം കിട്ടുന്നതും ബഹുമാനിക്കപ്പെടുന്നതും പ്രൈമറി അധ്യാപകരാണ്. ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ളവര്‍. ഫിന്‍ലന്‍ഡ് പരിഷ്‌കരണം കേരളത്തില്‍ കൊണ്ടുവന്നാല്‍ അംഗന്‍വാടി അധ്യാപകര്‍ക്ക് യു.ജി.സി സ്‌കെയില്‍ ലഭിക്കുമായിരിക്കും. ശമ്പളവും പെന്‍ഷനും സമയത്തിന് കൊടുക്കാനാവാത്തവര്‍ക്ക് ഇതിനൊക്കെ സാധിക്കുമോ?
കേരളത്തില്‍ സര്‍വകലാശാലകള്‍ പലതുണ്ട്. രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രം അധികാരമുള്ളവ പോലും കൂട്ടത്തിലുണ്ട്. പിടിപ്പുകേടിന്റെ കാര്യത്തില്‍ ഇവയെല്ലാം പരസ്പരം മത്സരിക്കുന്നുവെന്ന് മാത്രം. ഇവര്‍ക്കെല്ലാം മാതൃകയാക്കാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം കേരളത്തിലുണ്ട്. എല്ലാ വര്‍ഷവും അഞ്ച് ലക്ഷവും അതിലധികവും കുട്ടികളെ പരീക്ഷക്കിരുത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷ ബോര്‍ഡ്. ഓരോ വര്‍ഷവും മാര്‍ച്ചിനകം കേരളത്തിലെ എസ്.എസ്.എല്‍.സി പരീക്ഷ മുടക്കമില്ലാതെ നടത്തും. മറ്റു തടസ്സമൊന്നുമില്ലെങ്കില്‍ മെയ് മൂന്നാം വാരത്തിലോ നാലാം വാരത്തിലോ ഫലപ്രഖ്യാപനം നടത്തുകയും ചെയ്യും. പറയത്തക്ക ആക്ഷേപമൊന്നുമില്ലാതെ എസ്.എസ്.എല്‍.സി പരീക്ഷയുടെ നടത്തിപ്പും ഫലപ്രഖ്യാപനവും. ഇതു കണ്ടിട്ടെങ്കിലും നമ്മുടെ സര്‍വകലാശാലകള്‍ക്ക് നന്നായിക്കൂടെ?






