Sorry, you need to enable JavaScript to visit this website.

മിന്നലും കാറ്റും; നാല് സംസ്ഥാനങ്ങളില്‍ മരണം 53

ഏറ്റവും കുടുതല്‍ പേര്‍ മരിച്ചത് യു.പിയില്‍ 
ന്യൂദല്‍ഹി- നാലു സംസ്ഥാനങ്ങളില്‍ വീശിയടിച്ച കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 53 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം-39.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച കണക്ക് പ്രകാരം ആന്ധപ്രദേശ്-ഒമ്പത്, വെസ്റ്റ് ബംഗാള്‍-നാല്, ദല്‍ഹി-ഒന്ന്  എന്നിങ്ങനെയാണ് മരണ സംഖ്യ. ഞായറാഴ്ച രാത്രി ശക്തമായ കാറ്റ് തിങ്കളാഴ്ച പുലര്‍ച്ചെവരെ തുടര്‍ന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ 53 പേര്‍ക്കും ദല്‍ഹിയില്‍ 11 പേര്‍ക്കും പശ്ചിമ ബംഗാളില്‍ ഒരാള്‍ക്കും പരിക്കേറ്റു. പൊടിക്കാറ്റും കൊടുങ്കാറ്റും യു.പി, ബംഗാള്‍, ആന്ധ്രപ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ ഞായറാഴ്ച കനത്ത നാശമാണ് വിതച്ചത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയത് പലയിടത്തും റോഡ് ഗതാഗത തടസ്സത്തിനു കാരണമായി. ദല്‍ഹിയടക്കം ഉത്തരേന്ത്യയില്‍ റെയില്‍, വ്യോമ ഗതാഗതവും താറുമാറായി. 
ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചാണ്ഡിഗഢ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം, മേഘാലയ, മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി. ഇവിടങ്ങളില്‍ 400 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഉത്തര്‍പ്രദേശില്‍ ആഗ്രയിലാണ് കൂടുതല്‍ മരണവും പരിക്കും. 
ഈ മാസം ഒമ്പതിന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റില്‍ 18 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News