തേങ്ങ, തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കണോ?; ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം പ്രസ്താവനയിൽ പി.വി അബ്ദുൽവഹാബ്

- സി.പി.എമ്മിന്റേത് പ്രീണനം, കോൺഗ്രസിനെ താൻ വിമർശിച്ചിട്ടില്ലെന്നും ലീഗ് നേതാവ്
ന്യൂദൽഹി - ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി തേടി ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ താൻ കോൺഗ്രസിനെ വിമർശിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് എം.പി. സ്വകാര്യ ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കി, താൻ പറഞ്ഞത് ആ വിഷയം ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 'ഞാൻ ഉന്നയിച്ചത് ഒരു പരസ്യവിമർശമായിരുന്നില്ല. ഭരണപക്ഷത്ത് മുഴുവൻ അംഗങ്ങളുമുണ്ടായിരുന്നു. പ്രതിപക്ഷത്ത് ഞങ്ങൾ കുറച്ചുപേർ മാത്രമായിരുന്നു. ആ സമയത്ത് പല കക്ഷികളും ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന നിലപാട് സ്വീകരിച്ചു. കോൺഗ്രസിന്റെ ഭാഗത്ത് ഒരാളെ പോലും കണ്ടില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞതിനുശേഷം, പറഞ്ഞത് കൊണ്ടാണോയെന്നുമറിയില്ല, ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോൺഗ്രസ് എം.പിമാർ ഓടിവന്നു. അവർക്കും സംസാരിക്കാൻ അവസരം കിട്ടി. സി.പി.എം അംഗങ്ങൾ ആ സമയങ്ങളിലെല്ലാം സഭയിലുണ്ടായിരുന്നു. എന്നാൽ അവരുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്ന് തോന്നിയില്ല. ഞാൻ പറഞ്ഞത് ആ വിഷയം ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച് തന്നെയായിരുന്നു. എന്നാലത്‌ കോൺഗ്രസിനുള്ള പരസ്യ വിമർശമായിരുന്നില്ല. മറിച്ചൊരു തീരുമാനം ഉണ്ടായിരുന്നുവെങ്കിൽ മുന്നണി സംവിധാനത്തിൽ അത് അറിയിക്കുമായിരുന്നു. എല്ലാ മതസാമുദായിക വിഭാഗങ്ങളുടെയും സുഹൃത്താണ് കോൺഗ്രസ് എന്നാണ് നമ്മൾ കരുതുന്നതും അവകാശപ്പെടുന്നതും. കോൺഗ്രസിനെ എതിർക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും' വഹാബ് ചൂണ്ടിക്കാട്ടി.
 'കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ ശൈലി ന്യൂനപക്ഷ പ്രീണനമാണ്. ഈ സമയത്ത് മുസ്‌ലിംകളുടെയും മറ്റ് വിഭാഗങ്ങളുടെയും കാര്യം അവർ വല്ലാതെ ശ്രദ്ധിക്കും. രാജാവിനെക്കാൾ വലിയ രാജഭക്തി അവർ കാണിക്കും. അടിസ്ഥാനപരമായി അവരുടെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാവില്ല. ലീഗ് ഇവിടെ മുന്നണി മാറേണ്ട സാഹചര്യമില്ല. ആകെ പറഞ്ഞത് ലീഗ് വർഗീയ പാർട്ടിയല്ലെന്നാണ്. തേങ്ങ, തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കേണ്ട കാര്യമുണ്ടോ? ലീഗ് വർഗീയപാർട്ടിയല്ലല്ലോ. 1967-69 കാലത്ത് ലീഗ് സി.പി.എമ്മിനൊപ്പം ഭരണം പങ്കിട്ടിരുന്നു. അന്നത്തെ സാഹചര്യമാണ് അതിലേക്ക് നയിച്ചത്. എന്നാലിന്ന് അത്തരമൊരു സാഹചര്യം ഇല്ലെന്നും കേരളത്തിൽ ഭരണം ഇല്ലാത്തതിനാൽ ലീഗ് മുന്നണി വിടേണ്ടതില്ലെന്നും, സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താനവകളോടായി
വഹാബ്  പ്രതികരിച്ചു.

Latest News