വായിക്കണം, ഈ ചുവരെഴുത്ത്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിറപ്പിച്ച കോൺഗ്രസ് ഇത്തവണ നിഴൽചിത്രമായി മാറിയപ്പോൾ ഗുജറാത്തിൽ ബി.ജെ.പിയുടേത് റെക്കോഡ് സൃഷ്ടിച്ച വിജയമായി. എന്നാൽ ബി.ജെ.പി കീഴടക്കാനാവാത്ത മഹാമേരുവൊന്നുമല്ല എന്ന് ഹിമാചൽ തെളിയിച്ചു. ദൽഹി കോർപറേഷൻ തെരഞ്ഞെടുപ്പും ബി.ജെ.പിയുടെ ബദൽ സാധ്യതകളെ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ ബി.ജെ.പിയുടെ മേന്മയെക്കാളേറെ എതിരാളികളുടെ കഴിവുകേടാണ് തെരഞ്ഞെടുപ്പുകളിൽ മുഴച്ചുനിൽക്കുന്നത്.
 

ഇന്ത്യയുടെ ഹിന്ദുത്വ പരീക്ഷണശാലയെന്ന നിലയിൽ എന്നും രാഷ്ട്രീയ വിദ്യാർഥികളെ ആകർഷിച്ച ഗുജറാത്ത് 32 വർഷത്തെ ബി.ജെ.പിയുടെ തടസ്സമില്ലാത്ത ഭരണം എന്ന സവിശേഷതയാൽ ഒരിക്കൽ കൂടി കൗതുകം സൃഷ്ടിക്കുകയാണ്. ആറ് തവണ തുടർച്ചയായി ബി.ജെ.പി വിജയിക്കുക മാത്രമല്ല, പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വന്തം സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന രീതിയിൽ 156 സീറ്റുകൾ നേടി തിളക്കം കൂട്ടുകയും ചെയ്തിരിക്കുന്നു. ഇതോടെ, മാധവ്‌സിംഗ് സോളങ്കി  1985 ൽ കോൺഗ്രസിന് നേടിക്കൊടുത്ത 149 സീറ്റുകൾ എന്ന റെക്കോഡ് കൂടിയാണ് തകർന്നത്. ഒന്നോ രണ്ടോ തവണയല്ല, ഏഴ് തവണ ഒരു പാർട്ടി തുടർച്ചയായി ഭരണ വിരുദ്ധ വികാരത്തെ അതിജീവിക്കുന്നുവെങ്കിൽ അത് ശരിക്കും പരിശോധിക്കേണ്ട ഒരു കേസ് സ്റ്റഡിയാണ്.

ബി.ജെ.പിയുടെ ഗുജറാത്ത് വിജയത്തെ വിലയിരുത്തുമ്പോൾ മൂന്ന് പ്രധാന കാര്യങ്ങൾ പരിഗണിക്കേണ്ടി വരുന്നു. പാർട്ടിക്ക് അനുകൂലമായി കാര്യങ്ങളെ സന്തുലിതാവസ്ഥയിൽ ചലിപ്പിക്കുന്ന ഒരു നേതാവിന്റെ മാന്ത്രിക പ്രഭാവം, വോട്ടർമാരെ ആകർഷിക്കുന്ന ഒരു പ്രത്യയശാസ്ത്രം, ഒപ്പം വോട്ടർമാരെ ചേർത്തു നിർത്തുന്ന കേവല സംഘടന ശക്തി. വാസ്തവത്തിൽ മൂന്ന് ഘടകങ്ങളുടെയും സഞ്ചിത ഫലമാണ് ബി.ജെ.പിയുടെ ഗുജറാത്ത് വിജയം.

156 സീറ്റുകളുടെ വൻ വിജയത്തിന്റെ നല്ലൊരു പങ്ക് ഗുജറാത്തി സ്വത്വത്തിന്റെ പര്യായമായി മാറിയ മോഡിയുടെ കരിസ്മാറ്റിക് നേതൃത്വത്തിനാണ് അവകാശപ്പെടാനാകുക. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വ വലിയൊരു വിഭാഗം ഹിന്ദുക്കളെ ആകർഷിക്കുന്നു, അതിന്റെ എല്ലാ ബലഹീനതകൾക്കുമിടയിലും. ഒരു സംഘടനയെന്ന നിലയിൽ ബി.ജെ.പിയെ സംസ്ഥാനത്ത് തോൽപിക്കാനാവില്ല. ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം കൊണ്ട് ബി.ജെ.പിക്ക് നേട്ടമുണ്ടായെന്ന് വിലയിരുത്താൻ ചിലരൊക്കെ പ്രലോഭിതരായേക്കാം. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും ബി.ജെ.പി വിജയക്കൊടി പാറിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. വലിയ മുസ്‌ലിം ജനസംഖ്യയുള്ള 17 മണ്ഡലങ്ങളിൽ 12 ലും ബി.ജെ.പിയാണ് വിജയിച്ചത്. അസദുദ്ദീൻ ഉവൈസിക്കൊപ്പം കൈകോർത്ത ആം ആദ്മിയാണ് ഈ മണ്ഡലങ്ങളിലൊക്കെ കോൺഗ്രസിനെ തോൽപിച്ചത്. 

ഗുജറാത്തിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം സ്ഥിരമായി 45 ശതമാനത്തിന് മുകളിലാണ്, കോൺഗ്രസാകട്ടെ, കഴിഞ്ഞ 27 വർഷമായി നിരന്തരമായി തോറ്റിട്ടും 38 ശതമാനത്തിൽ  കുറയാത്ത വോട്ട് വിഹിതം നിലനിർത്തിയിരുന്നു. ഇത്തവണ ബി.ജെ.പിയുടെ വോട്ട് വിഹിതം നാല് ശതമാനം വർധിച്ച് 53.4 ശതമാനമായി; കോൺഗ്രസിന്റെ വോട്ട് വിഹിതം 26 ശതമാനമായി കുറഞ്ഞു. 13 ശതമാനം വോട്ട് വിഹിതമുള്ള ആം ആദ്മി പാർട്ടിക്ക് കോൺഗ്രസിന്റെ ഈ രക്തച്ചൊരിച്ചിലിൽ പങ്കുണ്ട്. എന്നാൽ ബി.ജെ.പി വോട്ടുകൾ കുറയുകയും കോൺഗ്രസിന്റെയും എ.എ.പിയുടെയും സംയുക്ത വോട്ട് വിഹിതം ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിയേക്കാൾ മികച്ചതാവുകയും ചെയ്തിരുന്നെങ്കിൽ വോട്ട് വിഭജന സിദ്ധാന്തത്തിന് കൂടുതൽ അർത്ഥമുണ്ടാകുമായിരുന്നു.

നിഗൂഢമായ ചില കാരണങ്ങളാൽ, മുഖ്യ എതിരാളിയായ കോൺഗ്രസ് ഇത്തവണ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബി.ജെ.പിക്ക് വാക്കോവർ നൽകി. അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിറപ്പിച്ച കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പിൽ എവിടെയും കാണാനുണ്ടായിരുന്നില്ല. 1995 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ 99 സീറ്റുകൾ. അടുത്ത അഞ്ച് വർഷം കോൺഗ്രസ് കഠിനാധ്വാനം ചെയ്യുമെന്നും നേടിയ നേട്ടം മുതലാക്കുമെന്നും അനുമാനിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ സംഭവിച്ചത് തികച്ചും വിരുദ്ധമായ കാര്യമാണ്; കോൺഗ്രസ് രംഗത്തുനിന്ന് പൂർണമായും അപ്രത്യക്ഷമായി. സംസ്ഥാന നേതാക്കൾക്ക് നിർണായകമായ ഒരു തെരഞ്ഞെടുപ്പിന്റേതായ യാതൊരു ആവേശവും ഉണ്ടായിരുന്നില്ല. ഗുജറാത്ത് എന്നൊരു സംസ്ഥാനം പോലും ഇല്ലെന്ന മട്ടിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം പെരുമാറിയത്. 2017 ലെ താരങ്ങൾ, പിന്നീട് കോൺഗ്രസിൽ ചേർന്ന അൽപേഷ് താക്കൂർ, ഹാർദിക് പട്ടേൽ, ജിഗ്‌നേഷ് മെവാനി എന്നിവർ അനാഥരായി; ആദ്യത്തെ രണ്ട് പേർ ടീം മാറി, ജിഗ്‌നേഷ് തന്റെ നിയമസഭാ മണ്ഡലമായ ബദ്ഗാവിൽ മാത്രം ഒതുങ്ങി. പാർട്ടിക്ക് ശക്തിയേകുമായിരുന്ന പ്രതിഭകളെ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തുക മാത്രമേ നിർവാഹമുള്ളൂ.

എ.എ.പിയെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു ദ്വിധ്രുവ രാഷ്ട്രീയത്തിൽ 13 ശതമാനം വോട്ടുകൾ വളരെ പ്രശംസനീയമാണ്, അടുത്ത അഞ്ച് വർഷവും അതേ വീര്യത്തിൽ തുടരുകയാണെങ്കിൽ ദൽഹി പോലുള്ള ഒരു സാഹചര്യത്തിന് കോൺഗ്രസ് തയാറെടുക്കണം. അവിടെ, മൂന്ന് തവണ തുടർച്ചയായി ഭരിച്ച കോൺഗ്രസ് പെട്ടെന്ന് വായുവിൽ അപ്രത്യക്ഷമാവുകയും എ.എ.പി ദേശീയ തലസ്ഥാനത്തിന്റെ  പ്രിയങ്കര കോട്ടയായി  മാറുകയുമായിരുന്നല്ലോ.  

ബി.ജെ.പിയേക്കാൾ 15 സീറ്റുകൾ അധികം നേടിയ കോൺഗ്രസിന് സമാശ്വാസ സമ്മാനമാണ് ഹിമാചൽ പ്രദേശ്. മലയോര സംസ്ഥാനം ചെറുതാണെങ്കിലും ഗുജറാത്തിൽ ബി.ജെ.പി അപരാജിതമാണെന്ന കഠിന യാഥാർഥ്യം മറ്റു സംസ്ഥാനങ്ങൾക്ക് അതേയളവിൽ ബാധകമല്ലെന്ന ലളിതമായ സത്യം തുറന്നുകാണിക്കാൻ ഈ വിജയം ഉപകാരപ്പെടുന്നുണ്ട്. 2018 അവസാനത്തോടെ രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്ന് അവർ ബി.ജെ.പിയെ തടഞ്ഞു. എന്നാൽ അന്നു മുതൽ, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പാർട്ടി മറന്നതായി തോന്നുന്നു. 2019 ന് ശേഷം പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിക്കേണ്ടതായിരുന്നു, അത് സ്വന്തം കഴിവുകേടു കൊണ്ട് അവർ ഇല്ലാതാക്കി. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാനായില്ല. ഓപറേഷൻ താമരയിലൂടെ ബി.ജെ.പി മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ വിജയകരമായി പുറത്താക്കിയത് മറ്റൊരു കഥ.

ഹിമാചൽ പ്രദേശിലെ വിജയം കൂടുതൽ സ്വീകാര്യമാകുന്നത് കോൺഗ്രസ് അതിന്റെ ഏറ്റവും ഉന്നത നേതാവായ വീരഭദ്ര സിംഗിന്റെ അഭാവത്തിലാണ് മത്സരിച്ചത് എന്നതുകൊണ്ടാണ്. വീരഭദ്ര സിംഗിന്റെ കുടുംബം ആ വിടവ് നികത്താൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന് എടുത്തുകാണിക്കാൻ ഒരു നേതാവില്ലായിരുന്നു. വീരഭദ്ര സിംഗിന്റെ മകൾ പ്രതിഭ സിംഗ് കോൺഗ്രസിന്റെ യുവ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. അവിടെയും ഓപറേഷൻ താമരയുടെ വെല്ലുവിളി നിലനിൽക്കുന്നതിനാൽ സർക്കാർ രൂപീകരിക്കും മുമ്പെ റിസോർട്ടുകളിൽ അഭയം തേടേണ്ട അവസ്ഥയിലാണ് എം.എൽ.എമാർ.

മോഡിയും ഹിന്ദുത്വവും അതിന്റെ ഭീമാകാരമായ സംഘടന യന്ത്രങ്ങളും സർക്കാർ ഏജൻസികളും ഉണ്ടായിരുന്നിട്ടും ബി.ജെ.പി ദൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു എന്നത് മറക്കരുത്. കേന്ദ്ര സർക്കാരിന്റെ മൂക്കിന് താഴെ ആം ആദ്മി പാർട്ടി മികച്ച വിജയമാണ് നേടിയത്. അതിനാൽ ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് വിധികൾക്ക് ഒറ്റക്കാരണം ചൂണ്ടിക്കാണിക്കാനാവില്ല. ഭീകരമായ വർഗീയ ധ്രുവീകരണത്തിനിടയിലും ബി.ജെ.പിക്ക് ബദലായി ചിന്തിക്കാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്. എന്നാൽ അത് വോട്ടാക്കി മാറ്റാൻ ബി.ജെ.പിയുടെ എതിരാളികൾക്ക് കഴിയുന്നില്ല. ബി.ജെ.പിയുടെ മേന്മെേയക്കാളുപരി എതിരാളികളുടെ കഴിവുകേട് എന്നതാണ്, ഒറ്റ ആഖ്യാനമാക്കണമെന്ന് നിർബന്ധമെങ്കിൽ പറയാവുന്നത്. അതിന് മാറ്റം വരാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ ചുവരെഴുത്ത്. ചുരുങ്ങിയത് 2024 ലെ പൊതുതെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും.
 

Latest News