ആചാരവും പ്രതീക്ഷയും

'ആയുധം പോയാലുണ്ടാക്കീടാം, കായം കിട്ടുകിലതു ബഹുലാഭം' എന്ന് ആത്മഗതം ചെയ്തുകൊണ്ട് ഓടുന്ന ഒരു പടനായരെ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഭാവിയിൽ ഒരു ഇടതുപക്ഷ സർക്കാരുണ്ടാകുമെന്നു സ്വപ്നമേപി നിനച്ചിരിക്കില്ല; പക്ഷേ കാര്യം സംഭവിച്ചു. അന്ധവിശ്വാസവും അനാചാരവും തടയാനുള്ള ബില്ല് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ എത്തിയില്ല. ചില ശുദ്ധഗതിക്കാരായ മന്ത്രിമാർ കാബിനറ്റ് മേശയും അലമാരയും മേശയുടെ അടിഭാഗവുമൊക്കെ അരിച്ചുപെറുക്കി പരിശോധിച്ചു. ങ്‌ഹേ! ബില്ല് മാത്രം കാണാനില്ല. ചവറ്റുകൊട്ടയുണ്ട്; അതിലുമില്ല. കാരണം അറിഞ്ഞപ്പോഴാണ് ശുദ്ധാത്മാക്കൾക്കു ശ്വാസം നേരേ വീണത്. സംഗതി വല്യേട്ടൻ പാർട്ടിയിൽ ചർച്ച പൂർത്തിയാകാതെ വഴിയിൽ കിടക്കുന്നു. ആനവണ്ടിയുമായാണ് സൗദൃശ്യം. തള്ളിയുന്തി മുന്നോട്ടെടുത്താൽ പിന്നെ എളുപ്പമാണ്. ഇടതുമുന്നണിയിൽ കൂടി ഒന്നു ചർച്ച ചെയ്യണം. അവിടെ 'യെസ്' വരയ്ക്കുന്ന പണിയേയുള്ളൂ. വല്യേട്ടൻ പാർട്ടി പുറ്വമ കാണുന്നതു പോലെയല്ല. പുറമെ പുലി; ഉള്ളിൽ ചീറ്റ. രണ്ടാമൻ ഭീരുവാണ്, മോങ്ങും, പ്രതിസന്ധി ഘട്ടത്തിൽ. ദേവാലയത്തിന്റെ റോഡിൽ കൂടി ആനയെ നടത്തിക്കൊണ്ടു പോകാത്ത നാട്ടിൽനിന്നുമാണ് മുന്നണി കൺവീനർ. രാത്രി എട്ടു മണി കഴിഞ്ഞു മാത്രം പെണ്ണുങ്ങൾക്കു പ്രവേശനമുള്ള 'ആലയ'ങ്ങളുമുണ്ട്. കുട്ടിൾ ബാലകലോത്സവത്തിനു മേക്കപ്പിട്ടു കഴിഞ്ഞാൽ കവികളിൽ ഒരു 'കരിമ്പുള്ളി' കുത്തുന്ന ഏർപ്പാടുണ്ട്; 'കണ്ണേറ്' സംഭവിക്കുന്നതിനെരെയുള്ള പരിചയാണത്രേ മേൽപടി പുള്ളി! ശുഭകാര്യങ്ങൾക്കു പുറപ്പെടുമ്പോൾ ഒരു പശുവിനെ കൈക്കൂലി കൊടുത്തിട്ടാണെങ്കിലും എതിരേ കൊണ്ടുവരും. എരുമക്ക് ആ ഭാഗ്യം ഇന്നു വരെ ലഭിച്ചിട്ടില്ല. തലയിൽ എണ്ണ തേച്ചുകൊണ്ട് ഒരു പാവം എതിരേ വരുന്നുവെന്നിരിക്കട്ടെ; ഹേയ് അപശകുനം! യാത്ര മുടങ്ങി.
ഇതിന്റെയൊക്കെ വെടിക്കെട്ടാണ് മരണ വാർത്ത. ഒരു മരണം അന്വേഷിച്ചു പോകണമെങ്കിൽ 'ദിവസം' നോക്കും. അടുത്ത ബന്ധുക്കളിലെ അറുപിശുക്കന്മാർ കണ്ടുപിടിച്ച വിദ്യയാണ്. ശവദാഹം കഴിഞ്ഞു മറ്റു ചടങ്ങുകളും നിശ്ചയിച്ച ശേഷമാണെങ്കിൽ, അങ്ങോട്ടു യാത്ര സുഖകരമാണ്; ഇഡ്‌ലിയും വടയും വെറ്റിലയും ഈടാകും. കാസർകോട്ട് ഒരു ആനവണ്ടി കോർപറേഷൻ ഡിപ്പോയിൽ പൂജയും ഇറച്ചിവെട്ടും നടന്നതായും കേട്ടിരുന്നു; നഷ്ടത്തിൽ നിന്നു കരകയറാനാണത്രേ! വർഷം തോറും നഷ്ടം മാത്രം വരുത്തുന്ന പൊതുമേഖല സ്ഥാപനങ്ങൾ അന്ത പരിപാടി തുടങ്ങിയാൽ കർപൂരവും സാമ്പ്രാണിയും തികയാതെ ഇറക്കുമതി ചെയ്യേണ്ടിവരും. 
ഇതൊന്നും അറിയാതെയല്ല, പുതിയ ബില്ലിന്റെ കരട് മന്ത്രിസഭ ചർച്ചയിൽ നിന്നും മാറ്റിെവച്ചത്.
അത് ഏവരുടെയും കണ്ണിലെ കരടായി മാറുന്നതിനെയാണ് തടഞ്ഞത്. മുഖ്യമന്ത്രി പോലും ഗവർണർ ഖാൻജിയുടെയും വിഴിഞ്ഞം വികാരിയുടെയും 'കണ്ണിലെ കരടാ'യ കാലമാണ്. ഇടതുമുന്നണിയിലും ചർച്ച നടക്കാതെ നോക്കണം. പുറമെ കാണുന്നതു പോലെയല്ല; 
****                              ****                                  ****
ഒരു മണ്ടനെയും ഒരു ബുദ്ധിജീവിയെയും ദില്ലിയിൽ കൊണ്ടെത്തിച്ചാൽ, ഹൈക്കമാന്റ് ആരെ സ്വീകരിക്കും? സംശയിക്കേണ്ട, മണ്ടനെത്തന്നെ എന്നു പറഞ്ഞത് ആ കക്ഷിയുടെ സംസ്ഥാന ബുദ്ധിജീവി ആയിരുന്നു. എം.എ. ജോൺ ആണത്രേ! ആയിരിക്കണം; അദ്ദേഹത്തെ മരിക്കുവോളം പാർട്ടി നിലംതൊടുവിച്ചില്ല. നിലത്തോളം കുനിഞ്ഞ് അച്ചായാൻ ലീഡറുടെ പക്ഷത്തു ചേരേണ്ടിയും വന്നു. അവിടെയാകട്ടെ, ലീഡറുള്ളപ്പോൾ ഇനിയൊരു ബുദ്ധിജീവിക്കു കാര്യവുമില്ല. ഒരു കാട്ടിൽ രണ്ടു സിംഹമോ! ഇനി, ബുദ്ധിജീവിയായ തരൂർജിയുടെ കാര്യം. നമ്മുടെ ലോകകഥാകൃത്ത് ടി. പത്മനാഭൻ മാത്രമാണ് പുതിയ വിശ്വപൗരനു പറ്റിയ അമളി വിളിച്ചു പറഞ്ഞത്, അതും മാഹിയിൽവെച്ച്. എന്നിട്ടു തൊണ്ണൂറ്റിമൂന്നാം വയസ്സിൽ പത്മനാഭൻ എഴുതിയ പുസ്തകമോ? 'സഖാവ്' പലതും പ്രതീക്ഷിച്ചതാണ്, തരൂരിനെക്കുറിച്ചെഴുതുമെന്ന്. കഥാകൃത്ത് ആളു വേറെ. വെള്ളമുള്ളിടത്തേ കുഴികുത്തുകയുള്ളൂ.
വിശ്വപൗരൻ കോട്ടയത്തു ചെന്നത് യൂത്തന്മാർ ക്ഷണിച്ചിട്ടാണ്; മൂത്തവരല്ല. നാട്ടകം സുരേഷ് എന്ന ഡി.സി.സി പ്രസിഡന്റ് യോഗത്തിനു മുമ്പേ സ്ഥലം വിട്ടു. 'നാട്ടക'ത്തിനു പുറത്ത് കഷ്ടിച്ചു പത്തു കിലോ മീറ്റർ മാത്രമാണ് സുരേഷിന്റെ ടവർ പരിധി. ഒറ്റ ബഹിഷ്‌കരണം കൊണ്ട് അദ്ദേഹം ചാനൽ വാർത്തകളിൽ ഒരു വരിയെങ്കിലും സ്വന്തമാക്കി. മാത്രമല്ല, താൻ 'യൂത്ത'ല്ല എന്ന വിവരവും നാട്ടുകാരെ ബോധ്യപ്പെടുത്തി. തരൂരാകട്ടെ, കളിപ്പാട്ടത്തിനു 'ചാവി'കൊടുത്തു വിട്ട കണക്കെ കേരളമൊട്ടാകെ കറങ്ങി നടക്കുന്നു. സതീശനാശാൻ 'വില്ലൻ' വേഷം താങ്ങാനാകാതെ 'വിഴിഞ്ഞത്തേക്കു വെച്ചുപിടിക്കുന്നു. സുധാകര ഗുരുവാകട്ടെ, 'ആരോഗ്യ പ്രശ്‌നങ്ങൾ' പറഞ്ഞ് പലപ്പോഴായി ഒഴിഞ്ഞു കളിക്കുന്നു. അതിൽ അദ്ഭുതമില്ല; കുടുംബത്തിൽ കളരിയുള്ള ദേഹമാണ്. ഒഴിഞ്ഞുമാറി, വളഞ്ഞുകുത്തി, വലത്തുമാറി (ബി.ജെ.പിയിൽ നോക്കിയെന്നും ഇല്ലെന്നും) യെല്ലാം ശീലിച്ചുപോന്നതുമാണ്. പക്ഷേ തരൂരിനെ നേരിടാൻ 'മെയ്' വഴങ്ങുന്നില്ല. പാലക്കാട്ടെ തരൂർ കളരിയിൽ ഗൂഢമായ അടവുകൾ പലതും ഉണ്ടാകാമെന്ന ശങ്ക വേറെയും. ജൂഡോയും ജോഡോയും കൊറിയൻ 'അക്കിഡോ'യും വശമുളള രാഹുൽ ഗാന്ധിയാകട്ടെ വടക്കു (മാത്രം) നോക്കിയന്ത്രമായാണ് സഞ്ചാരം.
****                             ****                  ****
വിഴിഞ്ഞം ഒരു രണ്ടാം വിമോചന സമരമാണോ എന്നൊരു ശങ്ക കണിച്ചുകുളങ്ങര നടേശഗുരുവിന്റെ പ്രശ്‌നവശാൽ തെളിഞ്ഞതായി വാർത്ത. ഗുരുവിന്റെ കാര്യം മറ്റൊരു മഹേശന്റെ മരണവുമായി പലരും ശങ്കിക്കുന്ന കാര്യമാണ്. സി.ബി.ഐ കൂടി ശങ്കിച്ചാൽ പ്രശ്‌നം ഗുരുതരമാകും. വിഴിഞ്ഞം കരാർ തുടങ്ങുന്ന കാലത്ത് ഐ.എൻ.ടി.യു.സിയെ ഇരുട്ടിൽ നിർത്തിയാണ് ഉമ്മൻ ചാണ്ടി ഒപ്പിട്ടതെന്നു നേതാവ് ചന്ദ്രശേഖരൻ. ഫെബ്രുവരിയിലെ പ്ലീനറി സമ്മേളനത്തോടെ മാതൃസംഘടനയിൽ സ്ഥാനം കിട്ടുമെന്നാണ് പ്രതീക്ഷ, സംഘടന ഉണ്ടാകുന്നെങ്കിൽ.
****                                     ****                      ****
പി.ടി. ഉഷയെ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റായി മോഡി സർക്കാർ നിയമിച്ചു. ഇതിൽപരം ദ്രോഹം ചെയ്യാനുണ്ടോ? രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും ഇടയിൽ ആ അത്‌ലറ്റ് ഹൈജമ്പ് ചാടി മേശപ്പുറത്തു കയറേണ്ടിവരും. പഴയ സർപ്പയജ്ഞക്കാരൻ വേലായുധന്റെ അവസ്ഥയാണ് പലരും സംശയിക്കുന്നത്. ങാ, രക്ഷപ്പെടട്ടെ!
 

Latest News