Sorry, you need to enable JavaScript to visit this website.

മേളക്ക് വരാനായില്ല, പകരം മുടി മുറിച്ച് കൊടുത്തയച്ചു

തിരുവനന്തപുരം- ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി ആദരിച്ചു. യാത്രാനിയന്ത്രണങ്ങള്‍ കാരണം മഹ്നാസ് മുഹമ്മദിക്ക് മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി പുരസ്‌കാരം ഏറ്റുവാങ്ങി. തന്റെ സഹനത്തിന്റെ പ്രതീകമായി മുടിത്തുമ്പ് അതീനയുടെ കൈവശം മഹ്നാസ് കൊടുത്തയച്ചത് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം അവര്‍ വേദിയില്‍ വെച്ച് ഉയര്‍ത്തിക്കാട്ടി. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഇതിനോട് പ്രതികരിച്ചത്.

ജൂറി ചെയര്‍മാനും ജര്‍മ്മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കി നിര്‍വഹിച്ചു.

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യുട്ടീവ് ഡയറക്ടറും അക്കാദമി സെക്രട്ടറിയുമായ സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest News