ന്യൂദല്‍ഹി- ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ബിജെപി അംഗം കിരോരി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തു.ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്റെ ബില്‍. സഭയില്‍ ബില്‍ അവതരണത്തിനായി അനുമതി തേടിയപ്പോള്‍ തന്നെ സിപിഎമ്മിലേയും ലീഗിലേയും ത്രിണമൂല്‍ കോണ്‍ഗ്രസിലേയും അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.
ഇത്തരമൊരു ബില്‍ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും ബില്‍ തിരിച്ചെടുക്കാന്‍ തയ്യാറാകണമെന്നും മുസ്ലീം ലീഗ് അംഗം പി.വി അബ്ദുവഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, ബിജെപി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന പരാമര്‍ശവും വഹാബ് നടത്തി. തൊട്ടുപിന്നാലെ ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തുകയും ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.
ശബ്ദ വോട്ടോടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വോട്ടെടുപ്പില്‍ 63 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇതോടെ കിരോരി ലാല്‍ മീണ ബില്‍ അവതരിപ്പിച്ചു. ഇത് സഭ ചര്‍ച്ചചെയ്യുമെങ്കിലും സ്വകാര്യ ബില്‍ ആയതിനാല്‍ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുകയല്ലാതെ മറ്റു തുടര്‍നടപടികള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.