ജിദ്ദ - ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജിദ്ദ അന്താരാഷ്ട്ര ബുക്‌ഫെയറിന് സൂപ്പര്‍ഡോം സെന്ററില്‍ തുടക്കം. സാംസ്‌കാരിക നായകരുടെയും സൗദി, വിദേശ പ്രഭാഷകരുടെയും സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ പെട്ടവരുടെയും സാന്നിധ്യത്തിലാണ് ബുക്‌ഫെയര്‍ ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ എട്ടു മുതല്‍ 17 വരെ നടക്കുന്ന, 400 ലേറെ പവിലിയനുകളുള്ള ബുക്‌ഫെയറില്‍ 900 ലേറെ പ്രാദേശിക, അറബ്, അന്താരാഷ്ട്ര പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ബുക്‌ഫെയറിനിടെ വൈവിധ്യമാര്‍ന്ന 100 ലേറെ സാംസ്‌കാരിക പരിപാടികളും നടക്കും. ഡിജിറ്റല്‍ പബ്ലിഷിംഗ്, സയന്‍സ് ഫിക്ഷന്‍ എന്നിവ വിശകലനം ചെയ്യുന്ന രണ്ടു സമ്മേളനങ്ങളും ബുക്‌ഫെയറിനോടനുബന്ധിച്ച് നടക്കും. സൗദിയില്‍ ആദ്യമായാണ് ഈ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന സമ്മേളനങ്ങള്‍ നടക്കുന്നത്.
സൗദി സാംസ്‌കാരിക രംഗത്തെ സമ്പന്നമാക്കുന്ന ഒരു സാഹിത്യ വേദിയാണ് ജിദ്ദ ബുക്‌ഫെയര്‍ എന്ന് ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ സി.ഇ.ഒ ഡോ. മുഹമ്മദ് ഹസന്‍ അലവാന്‍ പറഞ്ഞു. പുസ്തക വ്യവസായവും പ്രസിദ്ധീകരണവും ശാക്തീകരിക്കാനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളുടെ അനുഭവം സമ്പന്നമാക്കാനുമാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. ജിദ്ദ പുസ്തകമേള വായനയെ ജീവിതചര്യയായി പ്രോത്സാഹിപ്പിക്കും. ഇത് ധാരണകള്‍ വികസിപ്പിക്കുകയും ചക്രവാളങ്ങള്‍ തുറക്കുകയും അറിവിന്റെ വിശാലമായ ഇടങ്ങളിലേക്ക് വ്യക്തിയെ ഉയര്‍ത്തുകയും ചെയ്യുന്നു.
ജിദ്ദയുടെ ഹൃദയഭാഗത്ത് ഒരു സംയോജിത വിജ്ഞാന യാത്ര ജിദ്ദ ബുക്‌ഫെയര്‍ പ്രദാനം ചെയ്യുകയും സൗദി സാഹിത്യകാരന്മാരുടെ സാഹിത്യ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മികച്ച പ്രസിദ്ധീകരണ സ്ഥാപനങ്ങളെ ആദരിക്കാനുള്ള പുരസ്‌കാരങ്ങള്‍ക്കും പൊതുജനങ്ങളെ പങ്കെടുക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന സംവേദനാത്മക മത്സരങ്ങള്‍ക്കും രൂപംനല്‍കിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് ഹസന്‍ അലവാന്‍ പറഞ്ഞു.
സംവാദ സെഷനുകള്‍, കവിയരങ്ങുകള്‍, ശില്‍പശാലകള്‍, വായനക്കാരെയും സൗദിയിലെയും വിദേശത്തെയും മികച്ച ഗ്രന്ഥകാരന്മാരെയും ഒരുമിച്ചുകൂട്ടുന്ന ബുക് ടോക്ക് എന്നിവ അടക്കം 100 ലേറെ സാംസ്‌കാരിക പരിപാടികള്‍ ജിദ്ദ ബുക് ഫെയറിനോടനുബന്ധിച്ച് നടക്കും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ കുടക്കീഴില്‍ ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന മൂന്നാമത് ബുക്‌ഫെയറാണ് ജിദ്ദയിലെത്. മദീന ബുക്‌ഫെയര്‍ ജൂണിലും റിയാദ് ഇന്റര്‍നാഷണല്‍ ബുക്‌ഫെയര്‍ ഒക്‌ടോബറിലും സംഘടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ബുക്‌ഫെയറുകള്‍ക്ക് മാര്‍ച്ചില്‍ കിഴക്കന്‍ പ്രവിശ്യയില്‍ സംഘടിപ്പിക്കുന്ന ബുക്‌ഫെയറിലൂടെ തുടക്കമാകും.






