ബദിയടുക്ക- പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെങ്കള സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി അബ്ദുള്‍ലത്തീഫിനെ (41)യാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ മാതാവ് ബന്ധുവെന്ന് പരിചയപ്പെടുത്തി അബ്ദുള്‍ ലത്തീഫിനെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നുവെന്നും ഇതാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ ഇടവരുത്തിയതെന്നും പോലീസ് പറഞ്ഞു. പീഡനത്തിന് മാതാവിന്റെ പ്രേരണയുണ്ടെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പഠിക്കുന്നത്. പത്താംതരം വിദ്യാര്‍ഥിനിയായ ഈ പെണ്‍കുട്ടി തന്നെയും സഹോദരിയെയും അബ്ദുള്‍ ലത്തീഫ് പീഡിപ്പിച്ചതായി അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. അധ്യാപികയാണ് ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ലത്തീഫിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെങ്കള നാലാംമൈലില്‍ നിന്നാണ് പിടികൂടിയത്.