വിനോദ യാത്രക്കിടെ പീഡനം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി- കൊല്ലം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിനോദ സഞ്ചാരത്തിന് മൂന്നാറില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി ലക്ഷ്മി ഭവന്‍ സുകുമാരന്‍ നായരെ (55) അടിമാലി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ്ചെയ്തു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് കേസിന് ആസ്പദ സംഭവം. രണ്ട്  വാഹനങ്ങളിലാണ് സ്‌കൂള്‍ കുട്ടികള്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. ഒരു ബസില്‍ ആണ്‍കുട്ടികളും മറ്റൊന്നില്‍ പെണ്‍കുട്ടികളുമായിരുന്നു.
മൂന്നാറില്‍നിന്ന് തിരികെ അടിമാലിയില്‍ എത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങി സഹവിദ്യാര്‍ഥികളുമായി സെല്‍ഫി എടുക്കുമ്പോള്‍ ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് എതിരെ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഇടപെട്ട ആണ്‍കുട്ടികളുമായി ബസ് ജീവനക്കാര്‍ കൈയാങ്കളിയിലെത്തി. ഹോട്ടല്‍ ഉടമ മധ്യസ്ഥ ശ്രമത്തിന് എത്തിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. ഇതോടെ ഹോട്ടല്‍ തൊഴിലാളികളും വാഹന ജീവനക്കാരോടൊപ്പം ചേര്‍ന്ന് കുട്ടികളെ ആക്രമിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

 

Latest News