പി.പി.ഇ കിറ്റിലെ അഴിമതി, ലോകായുക്തക്ക് അന്വേഷണം തുടരാം; കെ.കെ. ശൈലജ ഹാജരാകണം

കൊച്ചി- പി.പി.ഇ കിറ്റും ശസ്ത്രക്രിയാ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ലോകായുക്തക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കോവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം വന്നതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ എന്നിവരുള്‍പ്പെടെ 11 പേര്‍ക്കാണ് ലോകായുക്ത മുമ്പാകെ ഹാജരാവണമെന്നു നിര്‍ദ്ദേശിച്ചു നോട്ടിസ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. പരമാവധി ചില്ലറ വിലയേക്കാള്‍ കൂടിയ വിലയിലാണ് പി.പി.ഇ കിറ്റും ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ  വാങ്ങിയതെന്നാണ് ആരോപണം. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കെ.എം.എ.എസ്.സി.എല്ലുമായി ചേര്‍ന്നു അഴിമതി നടത്തിയെന്നാണ് ആരോപണം. സാഹചര്യം മുതലെടുത്ത് കോവിഡ് കാലത്ത് അമിതമായ വില ഈടാക്കി അഴിമതി നടത്തിയെന്നും ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്നു പരിശോധിക്കാനുള്ള വിവേചന അധികാരം ലോകായുക്തയ്ക്കുണ്ടെന്നു കോടതി വിലയിരുത്തി.
അഴിമതി ആരോപണം അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു. കോണ്‍ഗ്രസ് നേതാവ് വീണാ എസ്. നായരുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.

Latest News