അസംഖാന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക് മിന്നും വിജയം, മുലായത്തിന് പകരം ഡിംപിള്‍

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ റാംപുര്‍ സദറില്‍ തകര്‍പ്പന്‍ വിജയവുമായി ബി.ജെ.പി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ തട്ടകമായ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ബി.ജെ.പി ആദ്യമായി വിജയക്കൊടി നാട്ടി. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി അക്ഷയ സക്‌സേന, സമാജ്‌വാദി പാര്‍ട്ടിക്കായി മത്സരിച്ച അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയെ പരാജയപ്പെടുത്തി. 2002 മുതലിങ്ങോട്ട് അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 -1993 കാലഘട്ടത്തിലും വിവിധ പാര്‍ട്ടികളുടെ ടിക്കറ്റില്‍ അസംഖാന്‍ ഇവിടെ വിജയിച്ചിട്ടുണ്ട്.

ഇവിടെ ബി.ജെ.പി പ്രവര്‍ത്തകരല്ലാത്ത വോട്ടര്‍മാരെ വോട്ടു ചെയ്യുന്നതില്‍ തടഞ്ഞതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ഉത്തര്‍പ്രദേശിലെ ഖട്ടൗലി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആര്‍എല്‍ഡി) മദന്‍ ഭയ്യയാണ് വിജയിച്ചത്. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ് വിജയിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റാണിത്. ഇവിടെ എം.പിയായിരുന്ന സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

 

Latest News