Sorry, you need to enable JavaScript to visit this website.

പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച ഏക രാജ്യം സൗദി അറേബ്യ

ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ റിയാദില്‍ പത്രസമ്മേളനത്തില്‍.

എണ്ണ മേഖലാ വരുമാനം ബജറ്റിന്റെ
65 ശതമാനമായി കുറഞ്ഞു - അല്‍ജദ്ആന്‍

റിയാദ് - എണ്ണ മേഖലാ വരുമാനം നിലവില്‍ ബജറ്റ് വരുമാനത്തിന്റെ 65 ശതമാനമായി കുറഞ്ഞതായി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. 2015, 2016 കാലയളവില്‍ ബജറ്റ് വരുമാനത്തിന്റെ 90 ശതമാനത്തോളം എണ്ണ മേഖലയില്‍ നിന്നായിരുന്നു. 2016 ല്‍ പെട്രോളിതര വരുമാനം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 8.9 ശതമാനമായിരുന്നു. ഇപ്പോഴിത് 16.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പെട്രോളിതര മേഖലാ വരുമാനം വര്‍ധിച്ചുവരികയാണ്. സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുന്നതിനനുസരിച്ച് പെട്രോളിതര വരുമാനവും വര്‍ധിച്ചുവരുന്നു. ബജറ്റിന്റെ കൂടുതല്‍ ഭാഗം നികത്താന്‍ ഇതിലൂടെ സാധിക്കുന്നു.
രാജ്യം സാക്ഷ്യം വഹിക്കുന്ന അതിവേഗ വളര്‍ച്ചയും വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കരണവും കണക്കിലെടുത്താണ് പുതിയ ബജറ്റ് തയാറാക്കിയത്. ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച ഏക രാജ്യം സൗദി അറേബ്യയാണ്. ഈ വര്‍ഷം 7.6 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര നാണയനിധി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചു. ഈ വര്‍ഷം എണ്ണ മേഖല 19 ശതമാനവും സ്വകാര്യ മേഖല 5.9 ശതമാനവും വളര്‍ച്ച കൈവരിക്കും. അടുത്ത വര്‍ഷം 3.1 ശതമാനവും 2024 ല്‍ 5.7 ശതമാനവും 2025 ല്‍ 4.5 ശതമാനവും സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനം 3.97 ട്രില്യണ്‍ റിയാലായി ഉയരും. അടുത്ത കൊല്ലം ഇത് 3.87 ട്രില്യണ്‍ റിയാലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനം 3.9 ട്രില്യണ്‍ റിയാലിനും 4 ട്രില്യണ്‍ റിയാലിനും ഇടയിലാകുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത വര്‍ഷം പൊതുകടം 951 ബില്യണ്‍ റിയാലായി കുറയും. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 24.6 ശതമാനമായിരിക്കും. ഈ വര്‍ഷം പൊതുകടം 985 ബില്യണ്‍ റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 24.9 ശതമാനത്തിന് തുല്യമാണ്. അടുത്ത വര്‍ഷാവസാനത്തോടെ സര്‍ക്കാറിന്റെ പക്കലുള്ള കരുതല്‍ ധനശേഖരം 399 ബില്യണ്‍ റിയാലായി ഉയരുമെന്നും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വര്‍ഷത്തെ നേട്ടങ്ങള്‍.
ഈ വര്‍ഷം എണ്ണ മേഖലാ വരുമാനം ഉയര്‍ന്നത് ബജറ്റില്‍ പ്രതിഫലിച്ചു. അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയ സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങളും നയങ്ങളും പൊതുവരുമാനത്തിലെ കടുത്ത ചാഞ്ചാട്ടം കുറക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ധനകാര്യക്ഷമതാ നിലവാരം ഉയര്‍ത്തുകയും സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയുടെ ശാക്തീകരണവും സാധ്യമാക്കുന്ന മുന്‍ഗണനകള്‍ക്ക് ധനവിനിയോഗത്തില്‍ ഊന്നല്‍ നല്‍കുകയും ചെയ്യുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. ഈ വര്‍ഷം മാത്രം രാജ്യത്ത് പുതുതായി 2,70,000 സ്ഥാപനങ്ങള്‍ ആരംഭിച്ചു. സ്വകാര്യ മേഖല അനിതരസാധാരണമായ വളര്‍ച്ചക്കാണ് സാക്ഷ്യം വഹിച്ചത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്വകാര്യ മേഖലക്ക് വലിയ പങ്കുള്ളതായും ധനമന്ത്രി പറഞ്ഞു.

 

Latest News