Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വന്‍ വിജയമെന്ന് കിരീടാവകാശി; തൊഴിലവസരങ്ങള്‍ വര്‍ധിച്ചു

ബജറ്റ് പ്രഖ്യാപന യോഗത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

റിയാദ് - സൗദിയില്‍ സാമ്പത്തിക പരിവര്‍ത്തന പ്രയാണം തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സമഗ്ര സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടുള്ള സാമ്പത്തിക, ധന പരിഷ്‌കാരങ്ങള്‍ വിജയകരമാണെന്നാണ് ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക, സാമൂഹിക നേട്ടമുള്ള പദ്ധതികളും പ്രോഗ്രാമുകളും നടപ്പാക്കുന്നതും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് പിന്തുണ നല്‍കുന്നതും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തി സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതും തുടരും. സ്വകാര്യ മേഖലക്കു മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കും.
അടുത്ത കൊല്ലം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്തും. സാമ്പത്തിക വീണ്ടെടുപ്പും ധനനിയന്ത്രണ പദ്ധതികളും നയങ്ങളും പൊതുധന മാനേജ്‌മെന്റ് വികസിപ്പിച്ചതും ഇതിന്റെ കാര്യക്ഷമതയും ബജറ്റ് മിച്ചം കൈവരിക്കാന്‍ സഹായിച്ചു. ഈ വര്‍ഷത്തെ ബജറ്റ് മിച്ചം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.6 ശതമാനത്തിന് തുല്യമാണ്. സര്‍ക്കാറിന്റെ കരുതല്‍ ധനശേഖരം വര്‍ധിപ്പിക്കാനും ദേശീയ ഫണ്ടുകള്‍ക്ക് പിന്തുണ നല്‍കാനും രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താനും ബജറ്റ് മിച്ചം പ്രയോജനപ്പെടുത്തും. മുന്‍ഗണനയുള്ള തന്ത്രപ്രധാന പദ്ധതികളും പ്രോഗ്രാമുകളും നടപ്പാക്കുന്നത് വേഗത്തിലാക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്.
വിഷന്‍ 2030 പദ്ധതി ആരംഭിച്ചതു മുതല്‍ നടപ്പാക്കുന്ന സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ ധന, സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ, ധനസ്ഥിരതാ പ്രയാണം മുന്നോട്ടുകൊണ്ടുപോകാനും സഹായിച്ചു. ഈ വര്‍ഷം മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് സൗദി അറേബ്യ 10.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. പെട്രോളിതര മേഖല 5.8 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷാവസാനത്തോടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനമാകുമെന്നാണ് കരുതുന്നത്.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കുന്നതിലും ഇത് പ്രതിഫലിച്ചു. രണ്ടാം പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. സ്വകാര്യ മേഖലയില്‍ 22 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനത്തില്‍ നിന്ന് 35.6 ശതമാനമായി ഉയര്‍ന്നത് പ്രശംസനീയമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
വരുമാനം കുറഞ്ഞവര്‍ അടക്കം മുഴുവന്‍ സ്വദേശികള്‍ക്കും മാന്യമായ ജീവിത സാഹചര്യം പ്രദാനം ചെയ്യാന്‍ ശ്രമിച്ച് സാമൂഹിക സുരക്ഷാ പദ്ധതികള്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കലും വരുമാനം മെച്ചപ്പെടുത്തലും അടക്കം സ്വദേശികളുടെ ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കാനും നഗരങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആഗോള നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ മുഴുവന്‍ പ്രോഗ്രാമുകളിലൂടെയും ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

 

Latest News