Sorry, you need to enable JavaScript to visit this website.

സേവ് കരിപ്പൂര്‍ സത്യഗ്രഹത്തില്‍ പ്രതിഷേധമിരമ്പി; ജില്ലയുടെ മൊത്തം പുരോഗതിയെ ബാധിക്കുമെന്ന് മേയര്‍

കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം തടസ്സപ്പെടുന്നത് ജില്ലയുടെ മൊത്തം പുരോഗതിയെ ബാധിക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സേവ് കരിപ്പൂര്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കരയുടെ വികസനത്തിന് പരിമിതിയുണ്ടെന്നും കടല്‍മാര്‍ഗവും ആകാശമാര്‍ഗവും ആശ്രയിക്കുമ്പോള്‍ വിമാനത്താവളത്തിന്റെ പുരോഗതി അനിവാര്യമാണെന്നും മേയര്‍ പറഞ്ഞു. കരിപ്പൂര്‍ പരിസരത്തേയ്ക്ക് റോഡെല്ലാം മനോഹരമാക്കിയപ്പോള്‍ ഹോട്ടലുകള്‍ പൂട്ടി കിടക്കുകയാണ്. കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിസരവും പുരോഗതി ഉണ്ടാകുകയുള്ളൂ. റണ്‍വേ വികസനത്തിന്റെ പ്രശ്‌ന പരിഹാരത്തോടൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്ന അധികൃതരുടെ സമീപനം മെച്ചപ്പെടുത്താന്‍ കൂടി ഇടപെടണമെന്ന് മേയര്‍ പറഞ്ഞു.
കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു.
സാമൂതിരി രാജ പ്രതിനിധി ടി ആര്‍ രാമവര്‍മ്മ, ഡോ.കെ മൊയ്തു, ഷെവലിയര്‍ സി ഇ ചാക്കുണ്ണി, സി എന്‍ അബ്ദുല്‍ മജീദ് , റാഫി പി ദേവസി, എ പി അബ്ദുല്ല കുട്ടി, ,കെ.വി.ഇസ്ഹാഖ്, സാലിഹ് ബറാമി,നസീര്‍ ഹസന്‍ , ഹാഷിം ഷിഹാബ് തങ്ങള്‍ . എം എ ഷഹനാസ്, ആദം ഓജി,ഡോ. മുഹമ്മദ് അലി, ജോയ് ജോസഫ് ,എം സി ജോണ്‍സണ്‍ , ആര്‍ ജയന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഖയിസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ സി എച്ച് നാസര്‍ ഹസന്‍ നന്ദിയും പറഞ്ഞു മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേര്‍സ് ആന്റ് ഇന്‍ഡസ്ട്രി, മലബാര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി , കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍, ബിസിനസ് ക്ലബ് , കാലിക്കറ്റ് ബഹ്‌റൈന്‍ പ്രവാസി അസോസിയേഷന്‍, ഗുജറാത്തി സമാജം , എന്‍ ആര്‍ ഐ കൊയിലാണ്ടി, ഹോളി ലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ രാവിലെ 11 ന് തുടങ്ങിയ സത്യാഗ്രഹ സമരം വൈകുന്നേരം ആറിനു സമാപിക്കും.

 

Latest News