കൊച്ചി- ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാനുള്ള ഇടപെടല്‍ വേണം എന്നുമാണ് ആവശ്യം. എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസെടുക്കാന്‍ കീഴ്വായ്പൂര്‍ പോലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയില്‍ പോലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരന്‍.
വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ച് സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നുവെന്നും മറ്റുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു മന്ത്രിയുടെ ഈ വിവാദ പരാമര്‍ശം. ഈ പരിപാടി തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.