ഗുജറാത്തിലും ഹിമാചലിലും  വോട്ടെണ്ണല്‍ അല്‍പ സമയത്തിനകം 

അഹമ്മദാബാദ്- ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജമാക്കിയിട്ടുള്ളത്. 182 നിരീക്ഷകര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ്. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും മത്സരരംഗത്ത് ശക്തമായുണ്ട്. ശക്തമായ പ്രചാരണമാണ് എഎപി ഗുജറാത്തില്‍ കാഴ്ചവെച്ചത്. ഹിമാചല്‍ പ്രദേശില്‍ 68 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 412 സ്ഥാനാര്‍ത്ഥികളാണ് ഹിമാചലില്‍ ജനവിധി തേടിയത്. അവിടെയും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.  എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നാണ് പ്രവചിക്കുന്നത്. ഇത് കോണ്‍ഗ്രസ് ക്യാമ്പിലും പ്രതിക്ഷ ഉണര്ത്തി.  ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ്. അഖിലേഷിന്റെ  ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാര്‍ത്ഥി.  യുപിയിലെ രാംപൂര്‍,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍  സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങള്‍.

Latest News