Sorry, you need to enable JavaScript to visit this website.

തിയേറ്ററിലെ പീഡനം: ഇനിയും ഞെട്ടൽ വിട്ടുമാറാതെ തൃത്താലക്കാർ

എടപ്പാൾ- എടപ്പാളിലെ സിനിമാ തിയേറ്ററിൽ നടന്ന ലൈംഗിക പീഡനക്കേസിനെ കുറിച്ചുള്ള വാർത്തകളുടെ ഞെട്ടൽ മാറാതെ കഴിയുകയാണ് തൃത്താല നിവാസികൾ. കേസിൽ അറസ്റ്റിലായ തൃത്താല സ്വദേശിയായ മൊയ്തീൻകുട്ടിയും കൂടെയുണ്ടായിരുന്ന സ്ത്രീയും കൊടുംക്രൂരതയുടെ പേരിൽ പിടിയിലായത് ഈ ഗ്രാമവാസികളെയാകെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. സമൂഹത്തിൽ ഏറെ അറിയപ്പെടുകയും പരോപകാരിയുമായ മൊയ്തീൻകുട്ടി ഇത്തരമൊരു കേസിൽപെട്ടത് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. കതുവയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൊയ്തീൻ കുട്ടി രംഗത്തുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 
തൃത്താലയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള എടപ്പാളിലെ തിേയറ്ററിൽ കഴിഞ്ഞ മാസമാണ് മൊയ്തീൻകുട്ടി തന്റെ തന്നെ ക്വാട്ടേഴ്്‌സിൽ താമസിക്കുന്ന ഭർതൃമതിയായ യുവതിയെയും പത്തുവയസുള്ള അവരുടെ മകളെയും കൂട്ടി സിനിമ കാണാൻ പോയത്. യുവതിയുമായി പ്രതിക്ക് നേരത്തെതന്നെ ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുവതിയുടെ അറിവോടെയാണ് ബാലികയെ മൊയ്തീൻകുട്ടി പീഡിപ്പിച്ചതെന്നത് നാട്ടുകാരും ഞെട്ടലോടെയാണ് കേൾക്കുന്നത്. ബാലികയെ മുമ്പും പ്രതി മാതാവിന്റെ അറിവോടെ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്.
തൃത്താലയിലെ പ്രമുഖ കുടുംബാംഗമായ മൊയ്തീൻകുട്ടി പതിറ്റാണ്ടുകളായി ദുബായിയിലും നാട്ടിലും സ്വർണം, വെള്ളി വ്യാപാരം നടത്തി വരികയാണ്. സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന ഇയാൾ നാട്ടിലെ പൊതുകാര്യങ്ങൾക്കെല്ലാം സഹായം നൽകുന്നയാളാണ്. വിവിധ രാഷ്ട്രീയപാർട്ടികൾ, സംഘടനകൾ, കാരുണ്യപ്രസ്ഥാനങ്ങൾ എന്നിവക്ക് സാമ്പത്തിക സഹായം നൽകാറുള്ള മൊയ്തീൻകുട്ടിയെക്കുറിച്ച് നാട്ടിലുള്ളവർക്കെല്ലാം നല്ല മതിപ്പായിരുന്നു. ഇയാൾക്കെതിരായ പീഡനവാർത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. എന്നാൽ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ നാട്ടുകാർ അമ്പരക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുത്ത ബന്ധമുള്ള മൊയ്തീൻകുട്ടി ഒരു പാർട്ടിയുടെയും സജീവപ്രവർത്തകനല്ല. കേസിൽ കുടുങ്ങിയതോടെ ഇയാളെ തള്ളിപ്പറഞ്ഞ് പാർട്ടികളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.
മൊയ്തീൻ കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇയാളുടെ തന്നെ ക്വാട്ടേഴ്സിൽ ഏറെ കാലമായി വാടകക്ക് താമസിക്കുകയാണ് യുവതിയും കുട്ടികളും. ഭർത്താവ് ഗൾഫിലാണ്. ഇരുവരും തമ്മിൽ നേരത്തെതന്നെ അടുത്ത ബന്ധമുള്ളതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
തൃത്താല പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് മൊയ്തീൻകുട്ടിയുടെ വീട്. എടപ്പാളിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട പരാതി ചങ്ങരംകുളം പോലീസിനാണ് ലഭിച്ചതെന്നതിനാൽ തൃത്താല സ്റ്റേഷനിൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും എത്തിയിരുന്നില്ല. തിയേറ്ററിലെ പീഡന വിവരം ചാനലുകളിൽ വന്നതിന് ശേഷം ചങ്ങരംകുളം പോലീസ് അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് പ്രതിയുടെ വീടിന് തൊട്ടടുത്തുള്ള തൃത്താല സ്റ്റേഷനിലെ പോലീസുകാർക്ക് വിവരം ലഭിക്കുന്നത്. വീട്ടിൽ പോലീസ് എത്തിയതോടെ നാട്ടുകാർ ഇവിടെ തടിച്ചുകൂടിയിരുന്നു. മൊയ്തീൻകുട്ടിയുടെ ബെൻസ് കാർ ഉപയോഗിച്ച് മറ്റാരോ തിയേറ്ററിൽ യുവതിയുമായി പോയി പീഡനം നടത്തിയെന്നാണ് നാട്ടിൽ ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ മൊയ്തീൻകുട്ടി തന്നെയാണ് കാറിൽ തിയേറ്ററിലെത്തിയതെന്നറിഞ്ഞതോടെയാണ് നാട്ടുകാർ അമ്പരന്നത്.  

തിയേറ്റർ പീഡനത്തിൽ സൈബർ ഏറ്റുമുട്ടൽ

പട്ടാമ്പി- സിനിമാ തിയേറ്ററിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ സൈബർ ലോകത്ത് പോരാട്ടം മുറുകുന്നു. കേസിൽ അറസ്റ്റിലായ മൊയ്തീൻകുട്ടിയുടെ രാഷ്ട്രീയബന്ധത്തെച്ചൊല്ലിയാണ് പ്രധാനമായും തർക്കം കൊഴുക്കുന്നത്. പറയത്തക്ക രാഷ്ട്രീയബന്ധമൊന്നുമില്ലാത്ത പ്രതിയെ മറുപക്ഷത്തിന്റെ ആളാക്കാൻ സി.പി.എമ്മും മുസ്‌ലിം ലീഗും പരസ്പരം മത്സരിക്കുകയാണ്. 
ഇയാൾ യു.എ.ഇ കെ.എം.സി.സിയുടെ നേതാവാണെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ അത്തരത്തിൽ സംഘടനാ ബന്ധമൊന്നും ഇയാൾക്ക് ഇല്ലെന്നാണ് മുസ്‌ലിം ലീഗ് വൃത്തങ്ങൾ അറിയിക്കുന്നത്. എല്ലാ പാർട്ടിക്കാരുമായും ഒരുപോലെ അടുപ്പമുള്ള ഇയാൾ എല്ലാവർക്കും കാര്യമായി സംഭാവനകളും നൽകുമായിരുന്നു. 
രാഷ്ട്രീയ മുതലെടുപ്പിനായി സംഘ്പരിവാർ സൈബർ പോരാളികൾ ഇരുപക്ഷത്തേയും ഒരുപോലെ ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ പട്ടാമ്പി സ്വദേശിയായ മറ്റൊരു മൊയ്തീൻകുട്ടിയാണ് പ്രതിയെന്ന വ്യാഖ്യാനവുമായി വൻതോതിൽ സന്ദേശങ്ങൾ ഫെയ്‌സ്ബുക്കിലും വാട്‌സ് അപ്പിലും പ്രചരിക്കുന്നുണ്ട്. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിന്റെ ചിത്രത്തോടു കൂടിയുള്ള പ്രൊഫൈൽ പിക്ചറാണ് പ്രതിയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരേ മുഹമ്മദ് മുഹ്‌സിൻ ഫെയ്‌സ് ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ചു. തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് പട്ടാമ്പി സ്വദേശി. 
മുസ്‌ലിം ലീഗിന്റെ ഓൺലൈൻ ചാവേറുകളാണ് പട്ടാമ്പി സ്വദേശിക്കെതിരേയുള്ള അപവാദ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് എം.എൽ.എ ഇന്നലെ വൈകിട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തന്റെ ഫോട്ടോ പ്രൊഫൈൽ കവർ പേജിൽ ഉൾപ്പെടുത്തിയതു കൊണ്ടു മാത്രമാണ് ലീഗുകാർ മൊയ്തീൻകുട്ടിയുടെ ഫോട്ടോ അപവാദ പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മാന്യമായി കുടുംബജീവിതം നയിക്കുന്ന ഒരാളെ അപഹസിക്കുന്നതിനെതിരേ താനും ആ വ്യക്തിയും ചേർന്ന് നിയമനടപടി ആരംഭിക്കുമെന്ന് എം.എൽ.എ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News