കാസര്‍കോട്-തൃക്കരിപ്പൂര്‍ വയലോടി സ്വദേശി പ്രിജേഷിനെ (32) അടിച്ചും ചവിട്ടിയും കൊന്ന കേസില്‍ മൂന്നാം പ്രതി മുംബൈയിലേക്ക് കടന്നതായി സൂചന. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള പൊറോപ്പാട് സ്വദേശി സഫ് വാന്‍ (25) ആണ് നാട്ടില്‍ നിന്ന് മുങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. മലേഷ്യയില്‍ ജോലിയുള്ള സഫ്വാന്‍ അടുത്തകാലത്ത് നാട്ടിലെത്തിയതാണ്. ഒന്നും രണ്ടും പ്രതികളെ ചന്തേര പോലീസ് കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ ഇയാള്‍ സ്ഥലംവിട്ടിരുന്നു.
സഫ്വാന്റെ പൊറോപ്പാട്ടെ വീട്ടില്‍ ഇന്‍സ്പെക്ടര്‍ പി. നാരായണന്‍, എസ്. ഐ എം വി ശ്രീദാസ്, എ എസ് ഐ സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. യുവാവിന്റെ ബന്ധുക്കളും സ്ഥലത്തുനിന്നും മാറിയിട്ടുണ്ട്. കൈതക്കാട്, പടന്നക്കാട് എന്നിവിടങ്ങളിലെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രിജേഷിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം ഉറപ്പാക്കിയിട്ടുണ്ട്. ഇവരില്‍ മറ്റു മൂന്നുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ കൊല്ലപ്പെട്ട പ്രജീഷിന്റെ ചെളിയില്‍ പുരണ്ട നിലയിലുള്ള ഷര്‍ട്ട് ഒന്നാംപ്രതി മുഹമ്മദ് ഷബാസിന്റെ വീട്ടിന് അരികിലുള്ള വയലില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രജീഷ് ധരിച്ചിരുന്ന മോതിരം വീട്ടിലെ കിണറിന് അടുത്ത് നിന്നും ചെരുപ്പുകള്‍ അല്പം അകലെ നിന്നുമായി കണ്ടെടുത്തിട്ടുണ്ട്. കൊലയുമായി ബന്ധപ്പെട്ട്
തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശികളായ ബദരിയ മനസിലില്‍ ഒ. ടി മുഹമ്മദ് ഷബാസ് (22) , പി. കെ ഹൗസില്‍ മുഹമ്മദ് റഹ്നാസ് (23) എന്നിവരെ സ്‌പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇവരെ കോടതിയില്‍ ഹാജരാഖി. ഞായറാഴ്ച രാത്രിയാണ് ഒരു സംഘം യുവാക്കള്‍ പ്രജേഷിനെ പൊറോപ്പട്ടെ ഒരു സ്ത്രീയുടെ വീടിന്റെ മുന്നില്‍ വച്ചും തോട്ടിന്റെ കരയില്‍ വച്ചും ക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയില്‍ മുക്കി കൊല്ലുകയും ചെയ്തത്. തുടര്‍ന്ന് ബുള്ളറ്റില്‍ ഇരുത്തി വീടിന്റെ സമീപം കൊണ്ടിടുകയായിരുന്നു.






