ആലപ്പുഴ മെഡിക്കല്‍ കോളജില്‍  അമ്മയും ശിശുവും മരിച്ചു,സംഘര്‍ഷം 

ആലപ്പുഴ- പ്രസവത്തെത്തുടര്‍ന്ന് അമ്മയും ശിശുവും മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപര്‍ണയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നാലുമണിയോടെ രാംജിത്തിന്റെ മാതാവിനെ വിളിപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രേഖകളില്‍ ഒപ്പിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായെന്നുമായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം.
അതേസമയം, പ്രസവത്തിന് മുന്‍പ് അമ്മയ്ക്കും കുഞ്ഞിനും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടാവുകയും പോലീസ് എത്തി ഇവരോട് സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. ഇതിനിടെ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ അമ്മയും മരിക്കുകയായിരുന്നു. പെട്ടെന്ന് ഹൃദയമിടിപ്പ് താഴ്ന്നതാണ് മരണകാരണമെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രസവസമയത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചികിത്സാപ്പിഴവാണ് അമ്മയും കുഞ്ഞും മരിക്കാനിടയാക്കിയതെന്നും ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമതിരെ നടപടിയെടുക്കാതെ പോസ്റ്റുമോര്‍ട്ടത്തിന് അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
 

Latest News