അയ്യപ്പഭക്തരെ പിഴിഞ്ഞ ഉദ്യോഗസ്ഥര്‍ വാളയാറില്‍ കുടുങ്ങി

പാലക്കാട്- വാളയാറില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. കണക്കില്‍പ്പെടാത്ത 7200 രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. പണം നല്‍കിയാലേ തീര്‍ഥാടകരുടെ വാഹനങ്ങളിലെ രേഖകളില്‍ ഉദ്യോഗസ്ഥര്‍ സീല്‍ പതിപ്പിക്കുന്നുള്ളൂ എന്നതായിരുന്നു പരാതി. ഡിവൈ.എസ്.പി പി.എന്‍. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തുമ്പോള്‍ ആറ് ഉദ്യോഗസ്ഥര്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. വേഷം മാറിയെത്തിയായിരുന്നു മിന്നല്‍ പരിശോധന. കണക്കില്‍പ്പെടാത്ത പണം തന്റെ കൈവശം ഉണ്ടായിരുന്നതാണ് എന്ന് ഒരുദ്യോഗസ്ഥന്‍ അവകാശപ്പെട്ടുവെങ്കിലും തെളിവൊന്നും ഹാജരാക്കാനായില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

 

Latest News